77കാരനായ ഭര്‍ത്താവിനൊപ്പം സന്തോഷവതി; 16കാരിയെ ഇന്ത്യയിലെത്തിക്കാന്‍ സാധ്യമല്ലെന്ന് എംബസ്സി

oman
SHARE

ഒമാന്‍ പൗരനായ എഴുപത്തിയേഴുകാരന്‍ വിവാഹം ചെയ്ത ഹൈദരാബാദിലെ പതിനാറുകാരിയെ തിരികെ ഇന്ത്യയിലെത്തിക്കുന്നത് അസാധ്യമാണെന്ന് മസ്കത്തിലെ ഇന്ത്യന്‍ എംബസ്സി. വിവാഹത്തില്‍ അതൃപ്തിയില്ലെന്നും ഭര്‍ത്താവിനൊപ്പം സന്തോഷവതിയാണെന്നും രേഖാമൂലമുള്ള പെണ്‍കുട്ടിയുടെ അറിയിപ്പ് ഒമാന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസ്സിക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസ്സി നിലപാട് അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം മെയില്‍ തെലങ്കാനയിലെ ജാല്‍പ്പള്ളിയില്‍ താമസിക്കുമ്പോഴാണ് 77കാരന്‍ പതിനാറ് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശേഷം മസ്കത്തിലേക്ക് മടങ്ങിയ അയാള്‍ പെണ്‍കുട്ടിക്കുള്ള വിസ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയും ഇന്ത്യ വിട്ടു. 

ആഗസ്റ്റില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അച്ഛനും സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ അഞ്ച് ലക്ഷം രൂപക്ക് ഒമാന്‍ പൗരന് വിറ്റുവെന്നായിരുന്നു പരാതി. ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് പെണ്‍കുട്ടി ഫോണില്‍ വിളിച്ചറിയിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഈ പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ പന്ത്രണ്ടോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഹൈദരാബാദ് പൊലീസ് രക്ഷപെടുത്തി നാട്ടിലെത്തിച്ചത്. എട്ട് അറബികളെയും അഞ്ച് ഒമാന്‍ പൗരന്മാരെയും മൂന്ന് ഖത്തര്‍ സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ റാക്കറ്റിന്‍റെ ഒടുവിലെ ഇരയാണ് ഹൈദരാബാദിലെ പെണ്‍കുട്ടിയെന്നും പൊലീസ് പറയുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹമെന്ന് തെളിയിക്കാന്‍ നിക്കാഹ് സമയത്തെടുത്ത ചിത്രങ്ങള്‍ ഒമാന്‍ പൗരന്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഇരുവര്‍ക്കുമൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കാണാം. 

പെണ്‍കുട്ടിയെ തിരികെയെത്തിക്കാനാകില്ലെന്ന ഇന്ത്യന്‍ എംബസ്സി നിലപാടില്‍ പ്രതിഷേധം ശക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഒരു കടലാസില്‍ ലഭിച്ച അറിയിപ്പ് അതേപടി വിഴുങ്ങുകയാണോ ഇന്ത്യന്‍ എംബസ്സി ചെയ്തതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇന്ത്യന്‍ ഭരണഘടനാപ്രകാരം അതെങ്ങനെ വിവാഹത്തിന്റെ പരിധിയില്‍ വരുമെന്നും ചിലര്‍ ചോദ്യം ചെയ്തു. 

എന്നാല്‍ എംബസിയില്‍ നിന്ന് ഇത്തരത്തിലുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്  മസ്കത്തിലെ ഇന്ത്യന്‍ എംബസി ഒമാന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. സന്തോഷവതിയാണെന്ന പെണ്‍കുട്ടിയുടെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിവാഹവും നിലനില്‍ക്കില്ല.  

MORE IN INDIA
SHOW MORE