ഇപ്പോള്‍ വോട്ടെടുപ്പെങ്കില്‍ മോദി തന്നെ വരും; രാഹുലിന്‍റെ ജനസമ്മിതി ഉയരുന്നു: സര്‍വ്വേ

modi-rahul
SHARE

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി തരംഗം ആവർത്തിക്കുമെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് സര്‍വേഫലം.എൻഡിഎ സർക്കാരിന്‍റെ നാലു വർഷത്തെ ഭരണം പൂർത്തിയാക്കുന്ന വേളയിലാണ് സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ ബിജെപി സർക്കാർ കേവലഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്നാണ് വിലിയിരുത്തൽ. 

നിലവിലുള്ള സീറ്റ് നിലയിൽ നിന്ന് ബിജെപിക്ക് വലിയ വീഴ്ചയുണ്ടാകും. 274 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. 164 സീറ്റ് യുപിഎ നേടുമ്പോൾ 105 സീറ്റുകൾ മറ്റ് പാർട്ടികളും നേടും. 

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നേടിയത്‍ 336 സീറ്റാണ്. ബിജെപിയുടെ ജനപ്രിയത കുറഞ്ഞുവെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേയിൽ പറയുന്നു. എന്നാൽ ഭരണസാധ്യത ബിജെപിക്ക് തന്നെയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

മോദിയു‌‌ടെ ജനപ്രീതിയിലും വന്‍ ഇടിവുണ്ടായതായി സര്‍വേ പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടുതൽ ജനസമ്മതനായെന്നും സർവേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേർ മോദിയെ നിർദേശിക്കുമ്പോൾ 24 ശതമാനം ഉയര്‍ത്തിക്കാട്ടുന്നത് രാഹുൽ ഗാന്ധിയെ. 2018 ജനുവരിയിൽ മോദിയും രാഹുലും തമ്മിൽ ജനപ്രീതിയിൽ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു. ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു.

എന്നാൽ, 2019 ൽ മോദി സർക്കാരിന് ഭരിക്കാൻ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും. തൊഴിലില്ലായ്മയും വിലവർധനയുമാണ് വോട്ടർമാരെ എൻഡിഎ സർക്കാരിനു എതിരാക്കുന്നത്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സർക്കാർ വിരുദ്ധ മനോഭാവമുണ്ടെന്നും സർവേയിൽ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണങ്ങൾ, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സർക്കാരിനു വെല്ലുവിളി ഉയർത്തുന്നത്.

ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്‍ലിങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനെക്കുറിച്ച് അസംതൃപ്തി വർധിക്കുകയാണ്. മോദി സർക്കാരിനെക്കുറിച്ചുള്ള മതിപ്പിൽ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയാണെന്നും സർവേ പറയുന്നു. 2017 മേയിൽ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയിൽ 40 ആയും ഇപ്പോൾ 47 ശതമാനമായും ഉയർന്നു. ഒരു വർഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വർധന 20 ശതമാനം.

MORE IN INDIA
SHOW MORE