നാല് മാസം പാക് തടവില്‍; പിന്നാലെ ഇന്ത്യ ജയിലിലാക്കി; മടുത്തു; സൈന്യം വിടാനൊരുങ്ങി ജവാന്‍

chandu-chavan
SHARE

നിയന്ത്രണരേഖ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പിടികൂടി വിട്ടയച്ച സൈനികന്‍, ഇന്ത്യന്‍ സൈന്യം വിടാനുള്ള താത്പര്യം പ്രകടിപ്പിച്ചു. 2016 സെപ്തംബറിലാണ് നിയന്ത്രണരേഖ ലംഘിച്ച ചന്തു ചവാനെന്ന സൈനികനെ പാകിസ്ഥാന്‍ സൈന്യം പിടികൂടി തടവിലാക്കിയത്. 

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിനിടെയാണ് സംഭവം. അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക് സൈന്യം ചവാനെ തടവിലാക്കി. നാല് മാസങ്ങള്‍ക്ക് ശേഷം ചവാനെ ഇന്ത്യക്ക് കൈമാറി. എന്നാല്‍ തിരിച്ചെത്തിയ ചവാനെ ഇന്ത്യ ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ ക്യാംപില്‍ നിന്നും പുറത്തുപോയതിനും അച്ചടക്കലംഘനം നടത്തിയതിനുമായിരുന്നു ശിക്ഷ. പിന്നീട് അഹമ്മദ്നഗറിലെ പ്രത്യേക സേനാവിഭാഗകേന്ദ്രത്തിലേക്ക് മാറ്റി.

എന്നാല്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത കാണിച്ച ചവാനെ ഖഡ്കിയിലെ സൈനിക ആശുപത്രിയിലെ മനോരോഗ വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം വിടണമെന്ന ആവശ്യം ചവാന്‍ ഉന്നയിച്ചത്. ഇക്കാര്യമറിയിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കത്ത് അയക്കുകയും ചെയ്തു. 

‘കഴിഞ്ഞ 20 ദിവസമായി ആശുപത്രിയിലെ മനോരോഗവാര്‍ഡിലാണ് ഞാന്‍. മൂന്ന് ദിവസം മുന്‍പ് ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവവികാസങ്ങള്‍ സൈന്യത്തില്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.’– ചവാന്‍ പറഞ്ഞു. 

സൈന്യം വിട്ട ശേഷം സാധാരണജീവിതം നയിക്കാനാണ് ആഗ്രഹമെന്നും ചവാന്‍ പഞ്ഞു. ചവാന്‍റെ കത്തിനോട് മുതിര്‍ന്ന ഉദ്യോഗസ്ഥരാരും പ്രതികരിച്ചിട്ടില്ല. അതേസമയം ചവാന്‍റെ നില തൃ‍പ്തികരമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും സൈനിക ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

മഹാരാഷ്ട്രയിലെ ധൂലെയിലുള്ള ബോര്‍വിഹിര്‍ സ്വദേശിയാണ് ചവാന്‍. ചവാനെ പാകിസ്ഥാന്‍ തടവിലാക്കിയ വാര്‍ത്തയറിഞ്ഞുണ്ടായ ആഘാതത്തിലാണ് മുത്തശ്ശി മരിച്ചത്.

MORE IN INDIA
SHOW MORE