യുവതലമുറ തുണച്ചു; അഭിഭാഷകര്‍ കല്ലെറിഞ്ഞു; ജ.ചെലമേശ്വര്‍ രാജ്യത്തോട് പറഞ്ഞത്

justice-chelameswar-2
SHARE

‘നന്ദി, ജനാധിപത്യം മുറുകെപ്പിടിച്ചതിന്...’ സുപ്രീം കോടതിയിലെ അവസാനദിവസം ഒന്നാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് ജെ.ചെലമേശ്വറിനോട് മറ്റ് ജഡ്ജിമാര്‍ പറഞ്ഞത് ഇതായിരുന്നു.  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അപൂര്‍വ്വവും ധീരവുമായ ഒരധ്യായം കൂട്ടിച്ചേര്‍ത്താണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ സുപ്രീം കോടതിയില്‍ നിന്ന് വിമരിച്ചത്. കര്‍ണാടകയിലെ രാഷ്ട്രീയനാടകങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയിലായിരുന്നു ചെലമേശ്വറിന്‍റെ രാജി. 

ഇന്ത്യന്‍ ജുഡീഷ്യറി ഇതുവരെ കാണാത്ത വിപ്ലവത്തിനാണ് ജ.ചെലമേശ്വറിന്‍റെ നേതൃത്വത്തില്‍ സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. നീതിന്യായവ്യവസ്ഥിതിയുടെ ചരിത്രത്തില്‍ തന്‍റെ പേര് എഴുതിച്ചേര്‍ത്താണ് ഈ ന്യായാധിപന്‍ മടങ്ങുന്നത്. ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ച് വിശ്വസിച്ച ചെലമേശ്വര്‍ കഴിഞ്ഞ 40 വര്‍ഷവും താനൊരു നിയമവിദ്യാര്‍ഥിയായിരുന്നു എന്നാണ് ഡല്‍ഹിയില്‍ അഭിഭാഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ ചെലമേശ്വര്‍ പറഞ്ഞത്. 

‘ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചവിശ്വാസമുണ്ടായിരുന്നു. ജനാധിപത്യ സിദ്ധാന്തങ്ങള്‍ക്കപ്പുറമുള്ള ഒരു കാര്യമെനിക്ക് മനസ്സിലായി. ധീരരായ മനുഷ്യരാണ് ജനാധിപത്യ സ്വാതന്ത്ര്യത്തിന് അവകാശികള്‍. ഭീരുക്കള്‍ക്ക് അതിന് അവകാശമില്ല. ഇപ്പോഴത് യുവതലമുറയുടെ കൈകളിലാണ്..’

‘നീതിന്യായവ്യവസ്ഥയെ ജനാധിപത്യവത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. അഭിഭാഷകരും നിയമവിദഗ്ധരും കല്ലെറിഞ്ഞപ്പോള്‍ യുവതലമുറ മാത്രമാണ് ഒപ്പം നിന്നത്. അപാകതകളും ക്രമക്കേടും ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ പരിചയസമ്പന്നരായ ഒരഭിഭാഷകന്‍ പോലും വാ തുറന്നില്ല, നിലപാടെടുത്തില്ല. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടക്കുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്, ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. ചില മൂല്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്...’, ചെലമേശ്വര്‍ പറഞ്ഞു.

ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തരുതെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്നും ജസ്റ്റിസ് ചോദിക്കുന്നു. ‘ചോദ്യംചെയ്യാനും എതിര്‍ക്കാനുമുള്ള ധൈര്യമാണ് വേണ്ടത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഒരുപാട് പേര്‍ എന്‍റടുത്ത് വന്ന് പറഞ്ഞു, നിങ്ങള്‍ ചെയ്തത് ഒരു നല്ല കാര്യമാണ്. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? പ്രതികരിക്കാത്തുകൊണ്ടും തുറന്നുസംസാരിക്കാത്തതുകൊണ്ടും നിരവധി പ്രശ്നങ്ങള്‍ രാജ്യത്തുണ്ടാകുന്നുണ്ട്.’

ജനുവരി 12ന് കൊളീജിയത്തില്‍ തനിക്കൊപ്പമുള്ള മൂന്ന് ന്യായാധിപന്മാര്‍ക്കൊപ്പം ചെലമേശ്വര്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വസംഭവങ്ങളില്‍ ഒന്നായിരുന്നു അത്. നീതിന്യായവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്കെതിരെയായിരുന്നു ഇവര്‍ പരസ്യമായി രംഗത്തുവന്നത്. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ് എന്നിവാണ് ജ.ചെലമേശ്വറിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയത്.

MORE IN INDIA
SHOW MORE