'കുതിരക്കച്ചവടം' തള്ളി സ്വന്തം എംഎല്‍എ; അമ്പരന്ന് കോണ്‍ഗ്രസ്; ബിജെപിക്ക് പിടിവള്ളി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്ത്. അധികാരം പിടിക്കാന്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന് തെളിവായി കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പുകളില്‍ ഒന്ന് വ്യാജമാണെന്ന് യെല്ലാപൂര്‍ എംഎല്‍എ ശിവറാം ഹെബ്ബര്‍ ഫെയ്സ്ബുക്കില്‍ വെളിപ്പെടുത്തി‍. എംഎല്‍എമാരെ വില പേശിയും ഭീഷണിപ്പെടുത്തിയും ബിജെപി ചാക്കിലാക്കാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍.

ഹെബ്ബറിന്‍റെ ഭാര്യയുമായി ബിജെപി നേതാക്കള്‍ സംസാരിക്കുന്ന ഓഡിയോ ടേപ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ടേപ്പിലുള്ളത് തന്‍റെ ഭാര്യയുടെ ശബ്ദമല്ലെന്നാണ് ഹെബ്ബര്‍ പറയുന്നത്. ‘എന്‍റെ ഭാര്യയെ ഒരു ബിജെപി നേതാക്കളും വിളിച്ചിട്ടില്ല. ടേപ്പിലുള്ളത് ഭാര്യയുടെ ശബ്ദമല്ല..’ ഹെബ്ബര്‍ പറയുന്നു. 

ഇതടക്കം ധാരാളം ഓഡിയോകള്‍ കോണ്‍ഗ്രസ് പുറത്തിവിട്ടിരുന്നു. ബി എസ് യെഡിയൂരപ്പയടക്കമുള്ള ബിജെപി നേതാക്കളുടെ ഓഡിയോ ടേപ്പും പുറത്തുവന്നു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ നാടകീയമായി രാജിവെച്ചത്. വോട്ടെടുപ്പില്‍ വിജയിക്കുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അലട്ടിയിരുന്നതായും ധാര്‍മ്മിക പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു രാജിയെന്നുമാണ് റിപ്പോര്‍ട്ട്. 

മറുകണ്ടം ചാടാതിരിക്കാന്‍ അവസാനനിമിഷം വരെ എംഎല്‍എമാരെ സംരക്ഷിച്ചുനിര്‍ത്തിയ കോണ്‍ഗ്രസ് ഇതുവരെ ഹെബ്ബറിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് ലജ്ജയില്ലാതെ കള്ളം പ്രചരിപ്പിച്ചെന്ന് ബിജെപി മുതിര്‍ന്ന നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.