പേരുദോഷം മാറ്റാന്‍ റെയില്‍വേ; കാന്‍സല്‍ ചെയ്ത ടിക്കറ്റ് തുക ഉടന്‍ തിരികെ കിട്ടും

indian-railway
SHARE

ഇന്ത്യയില്‍ ദിവസേന ഏകദേശം 2.3 കോടി ജനങ്ങളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ഇതില്‍ 15 ലക്ഷത്തോളം പേര്‍ ഐആര്‍സിടിസി വഴി  ടിക്കറ്റ് ബുക്ക് ചെയ്യുന്നു. എന്നാല്‍ പലര്‍ക്കും പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കേണ്ടതായ സാഹചര്യം വരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ റദ്ദ് ചെയ്ത ടിക്കറ്റിന്‍റെ റദ്ദാക്കാല്‍ ചാര്‍ജ്ജ്  ഒഴിച്ചുള്ള തുക തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ റെയില്‍വേ പലപ്പോഴും പരാജയമാണ്. എപ്പോഴാണ് റെയില്‍വേ ഈ തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയടക്കുന്നതെന്ന് ആര്‍ക്കും അറിവില്ല. എന്നാല്‍ ഈ അനിശ്ചിതത്വത്തിന് പരിഹാരമാകുകയാണ്. 

ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ തത്സമയം റീഫണ്ട് സ്റ്റാറ്റസ് അറിയാനുള്ള സൗകര്യം ഇനി ലഭ്യമാകും. സ്റ്റാറ്റസ് അറിയുന്നതിനായി റെയില്‍വേയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. www.refund.indianrail.gov.in എന്ന വെബ്സൈറ്റില്‍ കയറി യാത്രക്കാരന്‍റെ പിഎന്‍ആര്‍ നമ്പര്‍ നല്‍കിയാല്‍  റീഫണ്ട് സ്റ്റാറ്റസ് അറിയാനാകും. റെയില്‍വേ സംവിധാനം കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ മന്ത്രാലയം ഈ സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈനായിട്ടോ അല്ലാതെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

ഇനി ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അത് റദ്ദാക്കുമ്പോള്‍ ഇ-മെയിലിലൂടെയോ ഫോണ്‍ സന്ദേശത്തിലൂടെയോ ഒരു മറുപടി സന്ദേശം ലഭിക്കും. അഞ്ച് ദിവസത്തിനകം പണം തിരികെ ബാങ്ക് അക്കൗണ്ടിലുമെത്തും. കൗണ്ടര്‍ വഴി റിസര്‍വ് ചെയ്ത ടിക്കറ്റാണ് റദ്ദാക്കുന്നതെങ്കില്‍ ഏഴു ദിവസത്തിനകം തിരിച്ചുകിട്ടും.

MORE IN INDIA
SHOW MORE