56 ഇഞ്ചിന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ല; ബിജെപിയുടെ തൊലിയുരിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

modi-prakashraj
SHARE

‘കര്‍ണാടക കാവി അണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും. കളി തുടങ്ങും മുന്‍പെ കളി അവസാനിച്ചു. ‘56 ന് 55’ മണിക്കൂര്‍ പോലും പിടിച്ച് നില്‍ക്കാനായില്ല. അതൊക്കെ മറന്നേക്കൂ. തമാശയ്ക്കപ്പുറം വരാനിരിക്കുന്ന ചെളി പുരണ്ട രാഷ്ട്രീയത്തിന് തയാറെടുക്കൂ... എന്നും നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും’. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണതിന് പിന്നാലെ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. പ്രകാശ് രാജ് അതിനിശിതമായ വിമര്‍ശനങ്ങളുമായി തുടര്‍ന്നും രംഗത്തുണ്ടാകും എന്നതിന്‍റെ വ്യക്തമായ സൂചനയാകുന്നു പുതിയ ട്വീറ്റ്. 

കേവലം 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞ യെഡിയൂരപ്പയെ കണക്കറ്റ് വിമര്‍ശിച്ചാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ഒപ്പം പ്രധാമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായും വിമര്‍ശിച്ചു. 

മുന്‍പ് കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം എംഎല്‍എമാരുമായി റിസോര്‍ട്ടിലേക്ക് മാറിയപ്പോഴും രൂക്ഷ പരിഹാസമാണ് അദ്ദേഹം നടത്തിയത്. ‘ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണെന്നാണ്’ അന്ന് അദ്ദേഹം കുറിച്ചത്.

തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയ ആളാണ് പ്രകാശ് രാജ്. ഇതിന്റെ പേരില്‍ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വഴിയില്‍ തടയുക വരെ ചെയ്തിരുന്നു. ചില ഹിന്ദി ചിത്രങ്ങളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം മുന്‍പ് ഉന്നയിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം താന്‍ ചിരിച്ചുകൊണ്ടാണ് കാണുന്നതെന്നും ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ പറ്റുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.

MORE IN INDIA
SHOW MORE