കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനമാകും

mayavathy-kumaraswamy
SHARE

എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് പ്രതിപക്ഷകക്ഷികളുടെ ശക്തിപ്രകടനംകൂടിയാകും.  ബി.ജെ.പിമുക്തഭാരതം സാധ്യമാക്കുകയാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ദലിത് നേതാവ് മായാവതിയെ ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

നീക്കത്തിനാണ് കര്‍ണാടകയിലെ രാഷ്ട്രീയവിജയം തുടക്കമിട്ടിരിക്കുന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരഗാന്ധിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഇന്ത്യയിലുണ്ടായ പ്രതിപക്ഷകൂട്ടായ്മയെ ഓര്‍മിപ്പിക്കുന്നതലത്തിലേക്ക് ഈ ഐക്യം മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യം. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് തുടച്ചുനീക്കുക, നരേന്ദ്ര മോദി...അമിത് ഷാ അച്ചുതണ്ട് തകര്‍ക്കുക എന്നതാണ് അടിയന്തരാവസ്ഥയ്ക്കുസമാനമായി പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കുന്ന ഘടകം.  

കോണ്‍ഗ്രസിനൊപ്പം മായാവതിയും മമത ബാനര്‍ജിയും മുലായം സിങ് യാദവും ലാലുപ്രസാദ് യാദവുമുണ്ട്. എന്‍.സി.പിയും തമിഴ്നാട്ടില്‍ ഡി.എം.കെയും കര്‍ണാടകയില്‍ ജെ.ഡി.എസുമൊക്കെയായി പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുകയാണ്.  വിട്ടുവീഴ്ചയിലൂടെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയ തന്ത്രം പൊതുതിരഞ്ഞെടുപ്പിലും പരീക്ഷിക്കും. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ദലിത് നേതാവിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണതന്ത്രങ്ങള്‍ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മായാവതിക്ക് നറുക്കുവീഴാനാണ് സാധ്യത. ഇങ്ങനെയൊരു ഐക്യം പൊളിക്കുകയെന്നതായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാന വെല്ലുവിളി. യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനിന്നപ്പോഴുണ്ടായതിന്‍റെ ഫലം ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ശരിക്കറിഞ്ഞതാണ്. പ്രതിപക്ഷനിര കൂടുതല്‍ ശക്തിപ്പെട്ടാല്‍ തുടര്‍ഭരണമെന്ന മോദിയുടെ സ്വപ്നം ബാലികേറാമലയാകും.

MORE IN INDIA
SHOW MORE