അന്ന് വാജ്പേയി,13 നാള്‍; ഇന്ന് യെഡിയൂരപ്പ, 3 നാള്‍; ആ ‘സഹതാപ’മോ ബിജെപി ഉന്നം..?

vajpayee-yeddyurappa
SHARE

രാഷ്ട്രീയനാടകങ്ങള്‍ക്കും വിലപേശലിനും ഒടുവില്‍ ഗതികെട്ടാണ് ബിഎസ് യെഡിയൂരപ്പയുടെ രാജി. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ആയിരുന്നു നാടകീയ രാജി. 

വാക്കുപറഞ്ഞ 17ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ ആത്മവിശ്വാസം ചോര്‍ന്ന് മൂന്നാം ദിവസം രാജിവെച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെ ദേശീയരാഷ്ട്രീയം കണ്ട വലിയ അട്ടിമറികള്‍ക്കാണ് കന്നഡമണ്ണ് സാക്ഷ്യം വഹിച്ചത്. കേവലഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായെത്തിയ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിന് അവസരം നിഷേധിക്കപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ഗവര്‍ണര്‍ ബിജെപിക്കനുവദിച്ചത്. പിന്നീട് ജനാധിപത്യത്തിന്‍റെ കുതിരക്കച്ചവടം രാജ്യം നേരില്‍ക്കണ്ടു. എന്നാല്‍ ഒരുദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് പാര്‍ട്ടിക്ക് തിരിച്ചടിയായി. 

വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള യെഡിയൂരപ്പയുടെ രാജി 1996 ഓര്‍മിപ്പിക്കുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 13 ദിവസത്തെ ഭരണത്തിനുശേഷം അടല്‍ ബിഹാരി വാജ്പേയി ചെയ്തതും ഇതുതന്നെ. 

1996

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ്. ഹവാല അഴിമതിക്കേസില്‍ എല്‍ കെ അദ്വാനിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ കുറ്റാരോപിതരായി തുടരുന്ന സാഹചര്യം. അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. 'മാറ്റം' എന്ന വാഗ്ദാനവും ദേശീയവാദവും ഹിന്ദുത്വ അജണ്ടയും ബിജെപി പ്രചാരണങ്ങളില്‍ ഉയര്‍ത്തിക്കാണിച്ചു. താറുമാറായ അവസ്ഥയില്‍ കോണ്‍ഗ്രസും. അന്ന് ബിജെപിക്ക് 161 സീറ്റ്, കോണ്‍ഗ്രസിന് 140. പ്രാദേശിക പാര്‍ട്ടികളും ഇടതും നിര്‍ണായകം. രാഷ്ട്രീയനാടകത്തിന് തുടക്കമായി. 

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച പ്രസിഡന്‍റ് ശങ്കര്‍ ദയാല്‍ ശര്‍മ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച സമയം നല്‍കി. പ്രധാനമന്ത്രിയായി വാജ്പേയി സത്യപ്രതിജ്ഞ ചെയ്തു. പ്രാദേശിക പാര്‍ട്ടികളുമായി ബിജെപി സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 13 ദിവസത്തെ ഭരണത്തിന് ശേഷം മെയ് 28ന് വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് വാജ്പേയി രാജിവെച്ചു. പന്ത് കോണ്‍ഗ്രസിന്‍റെ കോര്‍ട്ടില്‍. 

അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ 46 സീറ്റുള്ള ജെഡിഎസിനെ പിന്തുണച്ച കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെയും ഇടതുപാര്‍ട്ടികളെയും കൂടെക്കൂട്ടി 'യുണൈറ്റ‍ഡ് ഫ്രണ്ടിന്' രൂപം നല്‍കി. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ച സഖ്യം വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 

എന്നാല്‍ ഒരു വര്‍ഷം മാത്രമെ ഈ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ.യുണൈറ്റഡ് ഫ്രണ്ടിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ 1997 ഏപ്രില്‍ 21ന് സര്‍ക്കാര്‍ താഴെ വീണു. 

രാജിയുടെ പ്രാധാന്യം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ഒരു പ്രധാനമന്ത്രിയുണ്ടാകുന്നത്. 13 ദിവസം മാത്രം ഭരിച്ച സര്‍ക്കാരിനോടും പാര്‍ട്ടിയോടും രാജ്യത്തിന്‍റെ ചിലയിടങ്ങളിലെങ്കിലും സഹതാപതരംഗമുണ്ടാക്കാന്‍ വാജ്പേയിയുടെ രാജിക്കായി. 

13 ദിവസങ്ങള്‍ ബിജെപിക്ക് വലിയ പാഠമായിരുന്നു. സഖ്യരൂപീകരണത്തിലും അജണ്ടാക്രമീകരണത്തിലും ഈ പാഠങ്ങള്‍ അവരുപയോഗിച്ചു. ഈ പാഠങ്ങളുപയോഗിച്ച് 1998ല്‍ സഖ്യകക്ഷികളുമായി ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാര്‍ 13 മാസം അധികാരത്തിലിരുന്നു. 99ല്‍ വാജ്പേയി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ചു. 

22 വര്‍ഷങ്ങള്‍ക്കിപ്പുറം വാജ്പേയിയുടെ മാതൃക സ്വീകരിച്ച് യെഡിയൂരപ്പ രാജിവെക്കുമ്പോള്‍ 96ലേക്കാണ് പാര്‍ട്ടിയുടെ ശ്രദ്ധ. ശക്തമായി തിരിച്ചെത്തി അധികാരത്തിലേറിയ വാജ്പേയിയുടെ മാതൃക തന്നെയാകും പാര്‍ട്ടിക്ക് മുന്നിലുള്ളത് എന്ന് വ്യക്തം. 

ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആ സൂചന കൃത്യമായി നല്‍കുന്നുണ്ട് യെഡിയൂരപ്പ. കര്‍ഷകര്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ എണ്ണിപ്പറഞ്ഞ് കണ്ണീരൊഴുക്കിയ അദ്ദേഹം, വരുംതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്നും പ്രഖ്യാപിച്ചു. കാത്തിരുന്ന് കാണാം.

MORE IN INDIA
SHOW MORE