കുതിരക്കച്ചവടത്തിലും കുതികാല്‍ വെട്ടിലും നാണം കെട്ട് ബി.ജെ.പി നേതൃത്വം

bjp-setback-t
SHARE

കുതിരക്കച്ചവടത്തിലും കുതികാല്‍ വെട്ടിലും നാണം കെട്ട് ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍. അഴിമതിക്കളിക്ക് ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന ചീത്തപ്പേരില്‍ മോദി അമിത്ഷാ അച്ചുതണ്ട് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിരോധത്തിലാകും. കര്‍ണാടകയില്‍ വിട്ടുവീഴ്ചയിലൂടെ ഭരണം നിലനിര്‍ത്തിയ കോണ്‍ഗ്രസിന്‍റെ നീക്കം 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് ഉറപ്പ്. 

മോദിയുടെ ദേശീയതാ രാഷ്ട്രീയത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രാഹുലിന് ലഭിച്ച ആത്മവിശ്വാസമാണ് കര്‍ണാടക. ഡല്‍ഹി മുതല്‍ ബംഗളൂരുവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് കര്‍ണാടകയിലെ വിജയം. ബി.ജെ.പി ദേശീയജനറല്‍ സെക്രട്ടറി റാംമാധവ് ഉള്‍പ്പെടെയുള്ളവര്‍ കുതിരക്കച്ചവടത്തിന് മുതിര്‍ന്നതിന്‍റെ തെളിവുകള്‍ ബി.ജെ.പിയുടെ അഴിമതി വിരുദ്ധമുഖത്തിന് കനത്ത തിരിച്ചടിയാകും.

ജെ.ഡി.എസിനെ ഭരണമേല്‍പ്പിക്കാനുള്ള സോണിയാഗാന്ധിയുടെ തന്ത്രത്തിന് പിന്തുണയുമായി എത്തിയത് മമതാബാനര്‍ജിയും, മായാവതിയുമാണ്. ബി.ജെ.പി വിരുദ്ധചേരി കൂടുതല്‍ ശക്തിപ്പെടുന്നത് അമിത്ഷായുടെയും മോദിയുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കും. കര്‍ണാടകയില്‍ ഒഴിവുവരുന്ന ഷിമോഗ, ബെല്ലാരി ലോക്സഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഭാവി നിര്‍വചിക്കാനാകും. തോറ്റാല്‍, കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന അവകാശവാദം ഇല്ലാതാകും. യുപിയില്‍ എസ്.പിയും ബി.എസ്.പിയും പോലെ ബന്ധവൈരികളായ ജെ.ഡി.എസും കോണ്‍ഗ്രസും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചുമല്‍സരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇങ്ങനെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷനിര കൂടുതല്‍ ശക്തിപ്പെട്ടാല്‍ തുടര്‍ഭരണമെന്ന മോദിയുടെ സ്വപ്നം ബാലികേറാമലയാകും.

MORE IN INDIA
SHOW MORE