പുറമെ ശാന്തം; അകമേ പുകഞ്ഞ് നിയമസഭ: എല്ലാം തല്‍സമയം കണ്ട് രാജ്യവും

കോടതിയില്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ വീഴ്ത്താമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും ജെഡിഎസും. അപ്പോഴും അടിയൊഴുക്കുകളില്‍ നെഞ്ചിടിപ്പ് ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. ബിജെപിയുടെ നായകന്‍ യെഡിയൂരപ്പ പക്ഷേ വാക്കുകളില്‍ വര്‍ധിച്ച ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നിയമസഭയിലെ ശരീരഭാഷയില്‍ പക്ഷെ ആ ആത്മവിശ്വാസം പ്രകടമല്ല. രാജ്യം മുഴുവന്‍ സഭാനടപടികള്‍ തല്‍സമയം കാണുകയുമാണ്. 

കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇനിയും നിയമസഭയിൽ എത്തിയില്ല. ഇരുവരും നഗരത്തിലെ ടാജ് വെസ്റ്റ്എൻഡ് ഹോട്ടലിലുണ്ടെന്നു സൂചന. ഹോട്ടലിലെത്തി ഇവര്‍ക്ക് വിപ് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമം നടക്കുകയാണ്. പ്രോടെം സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കാൻ അഞ്ചംഗ സമിതിയെ തിരഞ്ഞെടുത്തു. ബിജെപിയുടെ എസ്.സുരേഷ് കുമാർ, വിശ്വേശ്വര ഹെഗാഡെ കാഗേരി, ബസനഗൗഡ പാട്ടീൽ യത്നൽ, ജനതാദൾ  എസിന്റെ എച്ച്.ഡി കുമാരസ്വാമി, കോൺഗ്രസിന്റെ രാമലിംഗ റെഡ്ഡി എന്നിവരാണ് സമിതി അംഗങ്ങൾ.  

ഇതിനിടെ ബിജെപി ക്യാംപിനെതിരെ വീണ്ടും കോഴ ആരോപണം ഉയര്‍ന്നു. യെഡിയൂരപ്പയുടെ മകന്‍ കോഴ വാഗ്ദാനം െചയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 15 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തുവെന്നാണ് ആക്ഷേപം. വി.എസ്.ഉഗ്രപ്പയുടെ ഭാര്യയെ വിളിച്ചുവെന്നാണ് ആരോപണം. 

സഭയില്‍ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. തങ്ങളുടെ കൂട്ടത്തിലുള്ള ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല. യെഡിയൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ യാതൊരു ആശങ്കയുമില്ലാതെയാണ് സംസാരിക്കുന്നതും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നു.  വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് ബെംഗളൂരുവില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വിധാന്‍ സൗധയ്‌ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതിനിടെ കര്‍ണാടകയില്‍ കെ.ജി.ബൊപ്പയ്യയെ പ്രൊടെം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി തുടരും. കീഴ്‍വഴക്കം നിയമമല്ല. നിയമമാകാത്തിടത്തോളം ഉത്തരവിടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ്–ജെഡിഎസ് ഹര്‍ജി കോടതി തീര്‍പ്പാക്കി. 

എന്നാല്‍ വിശ്വാസവോട്ടെടുപ്പുനടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ചു. നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടും എംഎല്‍എ മാരുടെ സത്യപ്രതിജ്ഞയും മാത്രമേ നടത്താന്‍ പാടുള്ളൂ. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ് കോടതിയിൽ ആവശ്യപ്പെട്ടു. കെ.ജി.ബൊപ്പയ്യ മുന്‍പ് സ്പീക്കറായിരിക്കേ പക്ഷപാതം കാട്ടിയെന്ന് കോൺഗ്രസ് അഭിഭാഷകൻ കപില്‍ സിബല്‍ ആരോപിച്ചു.

  

വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനാണ് ബൊപ്പയ്യയുടെ നിയമനമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2011ല്‍ യെഡിയൂരപ്പ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ പതിനൊന്ന് വിമത ബി.ജെ.പി എം.എല്‍.എമാരെയും അഞ്ച് സ്വതന്ത്രരെയും അയോഗ്യരാക്കിയ ബൊപ്പയ്യയുടെ നടപടി സുപ്രീംകോടതി തന്നെ റദ്ദാക്കിയിരുന്നു. 

കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ബൊപ്പയ്യയെ തന്നെ ഇപ്പോള്‍ പ്രൊടെം സ്പീക്കറാക്കിയത് എന്തിനെന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു.ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ബൊപ്പയ്യയെ നിയമിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഉടന്‍ പ്രൊടെം സ്പീക്കര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നും മുതിര്‍ന്ന എം.എല്‍.എ...ആര്‍.വി.ദേശ്പാണ്ഡെയെ പകരം നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.