ഇതാ കന്നഡത്തിലെ ഇരട്ടച്ചങ്കന്‍; യെഡിയൂരപ്പയെ മുട്ടുകുത്തിച്ചത് ശിവകുമാറിന്‍റെ ചാണക്യതന്ത്രം

d.k.shivakumar-karnataka
SHARE

ഇൗ കന്നഡ വിജയത്തിന്റെ അലയൊലികള്‍ രാജ്യത്തിന് പകരുന്നത് പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നാണ് വിലയിരുത്തല്‍. ഒരുമിച്ചുനിന്നാല്‍ ബിജെപിയുടെ കുതിപ്പിന് തടയിടാമെന്ന ചിന്തകള്‍ക്ക് വെള്ളവും വളവുമാകുന്നു ഇൗ വിജയം. മുന്നുദിവസം കൊണ്ട് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടിയുടെ സര്‍ക്കാരിനെ കൊമ്പുകുത്തിക്കാനുള്ള കരുത്ത് ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന് വിമര്‍ശിക്കപ്പെടുന്ന കോണ്‍ഗ്രസിനും ജെഡിഎസ് എന്ന പാര്‍ട്ടിക്കും സാധിച്ചിരിക്കുന്നു. അതും ബിജെപിക്ക് നല്ല വേരോട്ടമുള്ള കര്‍ണാടകത്തില്‍. കരുത്തിനപ്പുറം തന്ത്രങ്ങളുടെ വിജയമാണ് ഇതിന്റെ പിന്നില്‍. അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍ ഡി.കെ.ശിവകുമാറും. ജെഡിഎസിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം സ്വീകരിച്ചതോടെ അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ശിവകുമാറിനായിരുന്നു. സോണിയാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേലിന്റെ ഏറ്റവും അടുത്തയാളാണ് ശിവകുമാര്‍.

congress-mla-missing

ജെഡിഎസിന് മുഖ്യസ്ഥാനം നല്‍കിയപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഡി.കെ.ശിവകുമാറിന്റെ കൈകളില്‍ വച്ചുകൊടുത്തു ഹൈക്കമാന്‍ഡ്. ഒപ്പം വിജയിക്കണം എന്ന ഉൗര്‍ജവും. സ്വന്തം പാളയത്തിലെ എംഎല്‍എമാര്‍ തന്നെ തിരിഞ്ഞുകൊത്താതെ നോക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തവും അദ്ദേഹത്തിനായിരുന്നു. ശിവകുമാറിന് പിന്തുണയുമായി അനിയന്‍ സുരേഷും എത്തിയതോടെ കളിമാറി. ഒടുവില്‍ ആ വിശ്വാസത്തിന്റെ ഫലമായി വന്നതോ കന്നഡ മണ്ണ് കണ്ട രാഷ്ട്രീയ ചാണക്യന്‍ യെഡിയൂരപ്പയുടെ പതനവും. കര്‍ണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അറിയപ്പെടുന്നയാളാണ് ഡി.കെ.ശിവകുമാര്‍.  മറുകണ്ടം ചാടന്‍ സാധ്യതയുള്ള എംഎല്‍എമാരുള്‍പ്പെടെ എല്ലാരും ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് കൂട്ടി. പുറത്തുകളികള്‍ തകര്‍ക്കുമ്പോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി അദ്ദേഹം അകത്ത് നിര്‍വഹിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥ വന്നിട്ടും പതറാതെ നിന്നു ‘കന്നഡത്തിന്റെ ഇരട്ടചങ്കന്‍’. യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗില്‍ ഗാര്‍ഡന്‍ റിസോര്‍ട്ടിനുള്ള പോലീസ് സുരക്ഷ പിന്‍വലിച്ചു. പക്ഷേ അതുകൊണ്ടൊന്നും എംഎല്‍എമാരെ റാഞ്ചാമെന്നുള്ള മോഹം ബിജെപിക്ക് നടപ്പായില്ല. റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാരെ മാറ്റാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തി.

withdraw-security-of-congress-mla

കേരളത്തിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള ചരടുവലികള്‍ ആരംഭിച്ചു. പക്ഷേ അവിടെയും യെഡിയൂരപ്പ കളിച്ചു.  എംഎല്‍എമാരെ കൊണ്ടുപോകാനുള്ള ചാര്‍ട്ടേഡ് വിമാനത്തിന് ഡിജിസിഎ അനുമതി നിഷേധിച്ചു. എന്നിട്ടും തളരാതെ ആ രാത്രി തന്നെ മുഴുവന്‍ എംഎല്‍എമാരേയും ബസില്‍ കയറ്റി റോഡ് മാര്‍ഗ്ഗം ആന്ധ്രയിലെത്തിച്ചു. പിന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട ശേഷമാണ് ഇവരെല്ലാം ബെംഗളൂരുവില്‍ തിരിച്ചെത്തിയത്. റിസോര്‍ട്ടിനുള്ളില്‍ ഇരിക്കുമ്പോഴും കോണ്‍ഗ്രസ് എംഎല്‍എമാരെ തേടി ബിജെപി നേതാക്കളുടെ ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി എത്തിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടേയും ഫോണില്‍ കോള്‍ റെക്കോര്‍ഡര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചത്.

ഇതോടെ എംഎല്‍എമാരെ നേരില്‍ ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് വന്നപ്പോള്‍ ഇവരുടെ ഭാര്യമാര്‍ അടക്കമുള്ള കുടുംബാംഗങ്ങളെ തേടിയും വന്‍ഓഫറുകള്‍ എത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഒപ്പമുള്ള എംഎല്‍എമാരെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മറുകണ്ടം ചാടിനൊരുങ്ങിയ എംഎല്‍എമാരെ തിരിച്ചു പിടിക്കാനും ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായാണ് വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കേ പ്രതാപ് ഗൗഡ പാട്ടീലിനെയും ആനന്ദ് സിംഗിനെയും തങ്ങളുടെ ക്യാംപിലെത്തിക്കാനും ഇൗ ചാണക്യനായി.

മുന്‍പ്  ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ഇറങ്ങിയപ്പോള്‍ അന്നും കോണ്‍ഗ്രസ് നേതൃത്വം അതിനെ പ്രതിരോധിച്ചത് ഡി.കെ.ശിവകുമാറിന്റെ സഹായത്തോടെയാണ്. പ്രതിസന്ധികള്‍ മറികടന്ന് രാജ്യസഭാ സീറ്റില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചതോടെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനും കണ്ണിലുണ്ണിയായി. എതയാലും കോണ്‍ഗ്രസിന്റെ ഭാവികാലം കന്നഡത്തില്‍ ശിവകുമാറിന്റെ കയ്യില്‍ ഭദ്രമായിരിക്കും. അതിനുള്ള സൂചനയാണ് ഇൗ മഹാവിജയം.

MORE IN INDIA
SHOW MORE