യെഡിയൂരപ്പ ‘തടിയൂരപ്പ’യായ നാലുമണി; ജനാധിപത്യത്തിന്റെ ‘അച്ഛാ ദിന്‍’: സംഭവിച്ചത്

B-S-Yeddyurappa
SHARE

യെഡിയൂരപ്പ ‘തടിയൂരപ്പ’യായ നാലുമണി. ജനാധിപത്യത്തിന്റെ നെറുകില്‍ തീരാക്കളങ്കമാകേണ്ട ആ ‘ശനി’യെ ശനിയാഴ്ച തന്നെ പടിയിറക്കി വിജയാഹ്ലാദം. ദിവസങ്ങള്‍ നീണ്ട കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. അരങ്ങുവാഴാന്‍ ഇനി കുമാരസ്വാമി വന്നേക്കാം. രാജ്യം ഭരിച്ച അച്ഛന്റെ മകന് കാലം കാത്തുവച്ച ഇരിപ്പിടം.  

നാണംകെട്ട ഇൗ പടിയിറക്കത്തിലൂടെ ചരിത്രത്തില്‍ മറ്റൊരു റെക്കോര്‍ഡും കൂടി യെഡിയൂരപ്പയ്ക്ക് സ്വന്തം. ഹീറോ പരിവേഷം ചാര്‍ത്താന്‍ ഒരുങ്ങിയ പ്രവര്‍ത്തകുടെ മുന്നില്‍, ആഘോഷത്തിന് അരങ്ങൊരുക്കാന്‍ പറഞ്ഞ് വിധാന്‍സൗധയിലേക്ക് കയറിപോയ മനുഷ്യന് തലകുനിച്ച് ഇറങ്ങിവരേണ്ടിവന്നു. വെറും മൂന്നുനാള്‍ മാത്രം കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി എന്ന നാണക്കേട് ചുമക്കുന്നത് മൂന്നുതവണ കന്നടമണ്ണ് ഭരിച്ച വ്യക്തിയാണ്.  കോണ്‍ഗ്രസിന്റെ ചടുലനീക്കം വിജയം കണ്ടതോടെ ദക്ഷിണേന്ത്യയിലെ കവാടം വീണ്ടും ബിജെപിക്ക് മുന്നില്‍ കൊട്ടിയടച്ചു. 

yediyurappa-resign

ഇൗ ഏറ്റുപറച്ചിലും ഇറങ്ങിപ്പോക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനടക്കം ഉച്ചിയിലേറ്റ അടിയായി. യെഡിയൂരപ്പയ്ക്കും കൂട്ടര്‍ക്കും എവിടെയാണ് പിഴച്ചത്? ഏത് തിയറിയാണ് തെറ്റിയത്? ഗവര്‍ണറുടെ അസാധാരണ നീക്കം ബാക്കിയാക്കുന്ന ചോദ്യങ്ങളെന്തെല്ലാം? ഇൗ ചോദ്യങ്ങളുടെ ഉത്തരങ്ങളും കന്നഡ നാടകത്തിലുണ്ട്. എന്തുതന്നെയായാലും ഇൗ ദിനം ഒരു പ്രതീക്ഷയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയുടെ വിജയം. ജനാധിപത്യത്തിന്റെ അച്ഛാ ദിന്‍.

കന്നഡ മണ്ണ് കണ്ട ജനാധിപത്യപ്പോര്

karnataka-noon

ആത്മവിശ്വസത്തിന്റെ അതിര് വിട്ട കളിക്കായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചത്. ഭരണവിരുദ്ധവികാരം ഇല്ലെന്ന് എടുത്ത് പറഞ്ഞ് സിദ്ധരാമയ്യ കോണ്‍ഗ്രസിനെ പായിക്കുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ബിജെപിയിലേക്ക് മടങ്ങി വന്ന യെഡിയൂരപ്പ പഴയതിലും കരുത്തനായിരുന്നു. അതിനെ ഒതുക്കാന്‍ ലിംഗായത്ത് കാര്‍ഡിറക്കിയതോടെ ബിജെപി വിജയം മണത്തിരുന്നു. എന്നാല്‍ അത് തിരിച്ചറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടി വന്നു കോണ്‍ഗ്രസിന്. ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി ജനം വിധിയെഴുതി. നൂറ് തികയ്ക്കാനാകാതെ കിതച്ചു കോണ്‍ഗ്രസ്, നിലമെച്ചപ്പെടുത്തിയില്ലെങ്കിലും മികച്ച പ്രകടം കാഴ്ച വച്ച് ജെഡിഎസും. ചിത്രം വിചിത്രമായിരുന്നു. ബിജെപി ആഘോഷങ്ങള്‍ക്ക് അരങ്ങൊരുക്കുമ്പോള്‍ പിന്നാലെ വന്നു അപ്രതീക്ഷിത അടി. ഭൂരിപക്ഷം ഇല്ല.

ഇൗ അവസരം കോണ്‍ഗ്രസ് അറിഞ്ഞുകളിച്ചെന്ന് പറയാം. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടി ജെഡിഎസിനോട് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. വീണുകിട്ടിയ ബംബര്‍ ലോട്ടറി തട്ടിത്തെറിപ്പിക്കാതെ ജെഡിഎസ് ഹീറോയായി. കിങ്മേക്കറാകും എന്ന വിധിയെ മറികടന്ന് റിയല്‍ കിങായി.

governer-karnataka

പക്ഷേ അങ്ങനെ വിട്ടുകളയാന്‍ ബിജെപിക്ക് കഴിയില്ലല്ലോ. ഗവര്‍ണറുടെ തീരുമാനത്തിലൂടെ ഏറ്റവും വലിയ ഒറ്റക്ഷിയായ ബിജെപിയെ അദ്ദേഹം അധികാരമേല്‍ക്കാന്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും ഗവര്‍ണര്‍ നല്‍കി. പിന്നെ കണ്ടത് കോണ്‍ഗ്രസിന്റെ ചടുലനീക്കം. ആ നീക്കത്തില്‍ ഉറങ്ങാതെ ‘ഉണര്‍ന്നു’ രാജ്യത്തിന്റെ പരമോന്നത നീതി പീഠം. 

karnataka-supreme-court-congress

പുലര്‍ച്ചെ 1.45. അപ്രതീക്ഷിത സംഭവങ്ങളുടെ കേളികൊട്ട്. സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പുലര്‍ച്ചെ തന്നെ കോടതി പരിഗണിക്കുന്നു. മണിക്കൂറുകള്‍ നീണ്ട വാദം. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി. നാളെ തന്നെ സത്യപ്രതിജ്ഞ. കേസ് ഉച്ചയോടെ വീണ്ടും പരിഗണിക്കുമെന്ന് ഉത്തരവ്. വിധിയുടെ ബലത്തില്‍ യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ നരേന്ദ്രമോദിയോ അമിത് ഷായോ ചടങ്ങില്‍ പങ്കെടുത്തില്ല. അതില്‍ തന്നെ കേന്ദ്രനേതൃത്വത്തിന്റെ വിശ്വാസക്കുറവ് പ്രകടമായിരുന്നു.

തിരിച്ചടിയില്‍ കോണ്‍ഗ്രസ് ആദ്യമൊന്ന് പകച്ചെങ്കിലും 15 ദിവസം എന്ന സമയപരിധിയില്‍ കോടതി കത്രിക പൂട്ടിട്ടു. ഉടന്‍ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവ്. കുതിരക്കച്ചവടത്തിനേറ്റ കല്ലേറായി ആ വിധി. അവിടെയാണ് ഇൗ കര്‍‘നാടകം അതിന്റെ മാസ് രംഗങ്ങളിലേക്ക് കടക്കുന്നത്. എംഎല്‍എമാരെ ഏതുവിധേനയും സംരക്ഷിക്കാനുറച്ച് കോണ്‍ഗ്രസും ജെഡിഎസും. ചാക്കിട്ട് പിടിക്കാനുള്ള പഴുതുകള്‍ തേടി ബിജെപി. രംഗങ്ങള്‍ സംഘര്‍ഷഭരിതം. കണ്ടിരുന്നവനെയും ഒപ്പം കൂട്ടുന്ന മാജിക്കല്‍ ത്രില്ലറായി കന്നഡ നാടകം കൊട്ടിക്കയറി. എംഎല്‍എമാരെ പല റിസോര്‍ട്ടുകളില്‍ മാറ്റി പാര്‍പ്പിച്ചു. പരുന്തിന്റെ കയ്യില്‍ നിന്നും അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒതുക്കുന്ന പോലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരുകുടക്കീഴില്‍ നിര്‍ത്തി. എന്നിട്ടും ആശങ്കകള്‍ ഒഴിഞ്ഞില്ല. ഒടുവില്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിജയം ബിജെപിക്ക് ഒപ്പം നിന്നില്ല. ഒടുവില്‍ ജനാധിപത്യത്തിനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും മുന്നില്‍ കര്‍ണാടകയില്‍ താമരയുടെ തണ്ടൊടിഞ്ഞു.

karnataka-election-final

 

യെഡിയൂരപ്പയുടെ നാണംകെട്ട റെക്കോര്‍ഡിന്റെ കഥ

വിശ്വാസവോട്ടെടുപ്പിൽ യെഡിയൂരപ്പ തോറ്റതോടെ തകരുന്നതു ജഗദാംബികാ പാലിന്റെ റെക്കോർഡാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തു തുടർച്ചയായി ഏറ്റവും കുറഞ്ഞ സമയം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോർഡ് ഇതുവരെ ജഗദാംബികാ പാലിന്റെ പേരിലായിരുന്നു. യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാകാതെ പുറത്തായതോടെ പാലിന്റെ സോളോ റെക്കോർഡ് തകര്‍ന്നു. പക്ഷേ ശിഷ്ടകാലം യെഡിയൂരപ്പയ്ക്കൊപ്പം റെക്കോർഡ് പങ്കിട്ടു കഴിയാം.  

1998 ഫെബ്രുവരി 21 മുതൽ 23 യുപി മുഖ്യമന്ത്രിയായിരുന്നു, അന്നു കോൺഗ്രസിലായിരുന്ന ജഗദാംബികാ പാൽ. ബിജെപിയുടെ കല്യാൺ സിങ്ങിനെ ഗവർണർ പുറത്താക്കിയതിനെ തുടർന്നാണു ജഗദാംബികാ പാൽ മുഖ്യമന്ത്രിയായത്. മൂന്നാം ദിവസം അലഹാബാദ് ഹൈക്കോടതി നടപടി റദ്ദാക്കിയതോടെ പാലിന്റെ കസേര പോയി. പിന്നീട് അദ്ദേഹം ബിജെപിയിലെത്തുകയും ചെയ്തു. അഞ്ചു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന ബിഹാറിലെ സതീഷ് പ്രസാദ് ശർമയാണു ഇക്കൂട്ടത്തില്‍ രണ്ടാമന്‍.

ഇനിയും കര്‍ണാടകം ശാന്തമാകുമെന്ന് കരുതുകവയ്യ. വരാനിരിക്കുന്നതും കൂട്ടുകക്ഷി സര്‍ക്കാരാണ്. പല നാടകങ്ങളില്‍ നായകരായ കഥാപാത്രങ്ങളാണ് അവിടെയും. കാത്തിരുന്ന് തന്നെ കാണണം.

MORE IN INDIA
SHOW MORE