മിക്കവാറും റിസോർട്ട് ഉടമ സർക്കാരിന്‌ അവകാശം ഉന്നയിക്കും; സുപ്രീം കോടതിയിലും ചിരി പടർന്നു

a-k-sikri
SHARE

കർണാടക രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കാതെ അരങ്ങേറുമ്പോൾ സുപ്രീംകോടതിയിലും ചിരിപടരുന്നു. നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ബി എസ് യെഡിയൂരപ്പയോട് സുപ്രീംകോടതി ഉത്തരവിട്ടു. ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എ.കെ.സിക്രിയുടെ വകയായിരുന്നു തമാശ. തനിക്ക് വാട്സാപ്പിൽ വന്ന ഒരു സന്ദേശം വായിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായ ട്രോൾ അദ്ദേഹം വായിച്ചു."റിസോർട്ട് ഉടമയ്ക്ക് 117 പേരുടെ പിന്തുണയുണ്ട്. അത് പറഞ്ഞു മിക്കവാറും അയാൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും". എന്ന് ജസ്റ്റിസ് സിക്രി പറഞ്ഞപ്പോൾ തിങ്ങികൂടിയിരുന്ന കോടതിമുറിയിൽ കൂട്ടചിരി മുഴങ്ങി. നടനും കടുത്ത സംഘപരിവാർ വിരുദ്ധനുമായ പ്രകാശ് രാജാണ് ഈ ട്രോളിന് പിന്നിൽ. ചാക്കിട്ടു പിടിച്ചും കുതിര കച്ചവടം നടത്തിയും റിസോർട്ട് രാഷ്ട്രീയം കളിക്കുന്ന മുന്നണികൾക്കുളള മുഖം അടച്ചുളള ഒരടിയായിരുന്നു ആ തമാശ. 

വിശ്വാസവോട്ടെടുപ്പിന് തിങ്കളാഴ്ച വരെ സമയം തരണമെന്നും കോൺഗ്രസ് ജെ‍ഡിഎസ് എംഎൽഎമാർ സംസ്ഥാനത്തിന് പുറത്ത് അന്യായ തടങ്കലിലാണെന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി വാദിച്ചു. എന്നാൽ ഈ വാദം കോടതി തളളി.  എംഎൽഎമാർ താമസിക്കുന്ന റിസോർട്ടുകളുടെ ഉടമസ്ഥരെ വരെ തടങ്കലിലാക്കിയിരിക്കുകയാണെന്നും തങ്ങളെ റിസോർട്ട് പരിസരത്തേക്ക്  കയറ്റിവിടുന്നില്ലെന്നാണ് അവരുടെ പരാതിയെന്നും  ജസ്റ്റിസ് സിക്രി തമാശയായി പറഞ്ഞു.

കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടിക്കലിനുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ബിജെപി ക്യാംപിനെ ഭയന്ന് കോൺഗ്രസ് ജെ‍ഡിഎസ് എംഎൽഎമാർ ബാംഗ്ലൂരിന് പുറത്ത് വിവിധ ആഡംബര റിസോർട്ടുകളില്‍ തങ്ങുകയാണ്.

 മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെഡിയൂരപ്പ നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയു‌ടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസുപരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാകാമെന്ന ഗവർണറുടെ നിർദേശവും റദ്ദാക്കി.

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാന്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അതേസമയം, കോടതിയിൽ നൽകിയ ‍യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ – ദള്‍ കത്തില്‍ എംഎല്‍എമാരുടെ പേരുകളുണ്ട്. എല്ലാം കണക്കിന്റെ കളി, ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറെന്നും കോടതി. ബിജെപിയുടെ കത്തുകളിൽ വലിയ ഒറ്റകക്ഷിയെന്നും പുറമേനിന്ന് പിന്തുണയുണ്ടെന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്. 

അതേസമയം, ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ രംഗത്തെത്തി. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.. 

MORE IN INDIA
SHOW MORE