കർണ്ണാടകയിൽ ബൊപ്പയ്യക്ക് എന്തൊക്കെ ചെയ്യാം..? പ്രോടെം സ്പീക്കറുടെ അധികാരങ്ങൾ ഇവയാണ്...

boppaiah
SHARE

ഗവര്‍ണർ വാജുഭായി വാലയുടെ ബിജെപി പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപേയാണ് ബിജെപി എംഎൽഎ ആയ കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കർ ആയി നിയമിച്ചുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് എത്തുന്നത്. കോൺഗ്രസിൻറെ സഖ്യസ്വപ്നങ്ങൾക്കു മേലുള്ള അടുത്ത ആണിയടിയായിരുന്നു അത്. 

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ നിർണ്ണായക സ്ഥാനമാണ് സ്പീക്കർക്കുള്ളത്.  വിശ്വാസവോട്ടെടുപ്പിന്റെ നടപടികള്‍ പ്രോടെം സ്പീക്കര്‍ സ്ഥാനമേറ്റശേഷം തുടങ്ങും. പുതിയ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും തിരഞ്ഞെുക്കപ്പെടുന്നതു വരെ സഭ നിയന്ത്രിക്കുക പ്രോടെം സ്പീക്കർ ആയിരിക്കും. സ്പീക്കർക്കുള്ളത്രയും അധികാരങ്ങൾ ഇല്ലെങ്കിലും നാളത്തെ പോരാട്ടത്തില്‍ ബൊപ്പയ്യയുടെ റോൾ നിർണ്ണായകമാണ്.  കൂറുമാറ്റ നിരോധന നിയമത്തിൻറെ പരിധിയിൽ നിന്ന് എംഎൽഎമാരെ രക്ഷപെടുത്താനും ഭരിക്കുന്ന പാർട്ടിയെ അധികാരത്തിലിരുത്താനും പ്രോടെം സ്പീക്കർക്കു കഴിയും. വിശ്വാസവോട്ടെടുപ്പിൽ ബാലറ്റ് വോട്ടെടുപ്പാണോ അതോ ശബ്ദ വോട്ടെടുപ്പാണോ നടത്തേണ്ടത് എന്നു തീരുമാനിക്കുന്നതും ഈ ഇടക്കാല സ്പീക്കറാണ്. 

ഗവർണറുടെ മുന്നിലാണ് പ്രോടെം സ്പീക്കർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. സ്പീക്കറുടെ അധികാരങ്ങൾ ഇടക്കാലത്തേക്ക് പ്രോടെം സ്പീക്കർക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിക്കും. സഭ സമ്മേളിക്കുമ്പോൾ പ്രോടെം സ്പീക്കറുടെ മുൻപിലാണ് എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുക. ഏത് രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞടുപ്പില്‍മത്സരിച്ച് ജയിച്ചു എന്ന് വ്യക്തമാക്കുന്ന രേഖയിലും ഒപ്പിടണം. 

നാല് മണിക്കാവും വിശ്വാസ പ്രമേയം സഭാതലത്തില്‍ അവതരിപ്പിക്കപ്പെടുക. ഇതില്‍ എം.എല്‍എമാര്‍ അവരുടെ ഇരിപ്പടത്തിന് മുന്നിലുള്ള ബസ്സര്‍ അമര്‍ത്തുമ്പോള്‍  ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ വോട്ടുകള്‍ രേഖപ്പെടുത്തും. ഇത് സഭാതലത്തിലെ ഡിസ്പ്്ളേ ബോര്‍ഡില്‍ തെളിയും. ഏത് എം.എല്‍എ ആര്‍ക്ക് വോട്ടുചെയ്തു എന്ന് ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. ഇതിന്റെ പ്രിന്റ് ഒൗട്ട് അതാത് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കും. കൂറുമാറ്റം തടയുന്നതിനാണിത്. ഇതാണ് പരസ്യവോട്ടിന്റെ ആദ്യവഴി. കൈപൊക്കി ശബ്ദവോട്ടോടെ എം.എല്‍.എമാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇത് സഭാതലത്തില്‍ വലിയശബ്ദമാനമായ രംഗങ്ങള്‍ക്ക് വഴിവെക്കാം, ആശയക്കുഴപ്പത്തിനും ഇടയുണ്ട്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് പ്രോടെം സ്പീക്കര്‍ക്ക് തീരുമാനിക്കാം. പക്ഷെ സുപ്രീം കോടതി നിരീക്ഷണം ഉണ്ടെന്നും മറക്കാനാവില്ല. ഭരണ , പ്രതിപക്ഷങ്ങളുടെ വോട്ടുനില തുല്യമായാല്‍ മാത്രമെ പ്രോടെം സ്പീക്കര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളൂ. 

മുൻ യെ‍‍ഡിയൂരപ്പ സർക്കാരിന്റെ കാലത്ത്  സ്പീക്കറായിരിക്കെ  എടുത്ത നടപടിയില്‍  സുപ്രീം കോടതി വിമര്‍ശനം നേരിട്ടയാളാണ് കുട്ടിക്കാലം മുതൽ തന്നെ ആർഎസ്എസിലെ സജീവ പ്രവർത്തകൻ കൂടിയായ ബൊപ്പയ്യ. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള പതിവു കീഴ്്വഴക്കങ്ങളിൽ നിന്നു മാറിയായിരുന്നു ഗവര്‍ണറുടെ തീരുമാനം. മുതിർന്ന കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി.ദേശ്പാണ്ഡയെ പ്രോടെം സ്പീക്കറായി നിയമിക്കുമെന്നായിരുന്നു കോണ്‍ഗ്രസിൻറെ കണക്കുകൂട്ടൽ. 

MORE IN INDIA
SHOW MORE