യാസ്മിന്‍ താമസിച്ചത് കോഴിക്കോടും കാസര്‍കോടും, അബ്ദുൽ റാഷിദുമായി അടുത്ത ബന്ധം

yasmin
SHARE

ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്ന്  കേരളത്തിലെ ആദ്യ ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട യാസ്മിന്‍ ശഹീദ്. താന്‍ ഇന്ത്യക്കാരിതന്നെയാണ്, ഐ.എസിന്റെ ഭാഗമല്ല. രാജ്യത്തോട് ബഹുമാനമുണ്ടെന്നും യാസ്മിന്‍  മനോരമന്യൂസിനോട്  പറഞ്ഞു. 

കേരളത്തിലെ ആദ്യ ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ യാസ്മിന്‍ ശഹീദിനെ ഏഴുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. കാസര്‍കോട്ടുകാരായ 15 പേര്‍ ഐഎസില്‍ ചേരാന്‍ പോയ കേസിലാണ് വിധി. 

    

ദുരൂഹസാഹചര്യത്തിൽ കേരളത്തിൽ നിന്ന് കാണാതായവരുടെ സംഘത്തെ രാജ്യത്തിനു പുറത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് യാസ്മിനെ കേരള പൊലീസ് ഡൽഹിയിൽ അറസ്റ്റ് ചെയ്തത‌്. കേന്ദ്ര ഇന്റലിജന്റിസിന്റെ സഹായത്തോടെയായിരുന്നു ബീഹാർ സ്വദേശിനിയായ യുവതിയെ പിടികൂടിയത്. തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദുമായി യാസ്മിന് അടുപ്പമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിൽ കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിൻ, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടർന്നാണ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. 

യാസ്മിന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. ഇവ കണ്ടെത്താൻ സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. യാസ്മിൽ ഡൽഹിയിൽ നിന്ന് വിമാനമാർഗം രാജ്യം വിടുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ഡൽഹിയിലെത്തിയിരുന്നു. തുടർന്ന് കേന്ദ്ര ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് യാസ്മിനെ കസ്റ്റഡിയിലെടുക്കുന്നത്. തൃക്കരിപ്പൂർ മേഖലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ മൂന്നു കുടുംബങ്ങളിൽ 17 പേരെയാണ് കാണാതായത്. 

MORE IN INDIA
SHOW MORE