ഗോരഖ്‌‌പൂരിന്റെ ‘ഹീറോ’ ജയിലിൽത്തന്നെ; കുഞ്ഞുങ്ങൾക്ക് ജീവശ്വാസം നൽകിയ ഡോക്ടർക്ക് ജാമ്യമില്ല

INDIA-HEALTH-CHILDREN
SHARE

ഉത്തര്‍പ്രദേശിലെ ഗോരഖ്‌‌പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ 70 കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിയാക്കി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാൻ വീണ്ടും വാർത്തകളിൽ. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും  സ്വന്തം ചെലവിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഈ ഡോക്ടർ ആറുമാസമായി ജയിലിലാണ്. ഡോക്‌ടറുടെ മഹാസേവനത്തിന്റെ വാർത്ത പരന്നതോടെ രാജ്യമെമ്പാടുംനിന്ന് അദ്ദേഹത്തെ തേടി അഭിനന്ദനങ്ങളെത്തി. എന്നാൽ, ഇതിനു പിന്നാലെ അദ്ദേഹത്തെ കാത്തിരുന്നത് യോഗി സർക്കാരിന്റെ പ്രതികാര നടപടിയായിരുന്നു.

കുട്ടികള്‍ കൂട്ടമായി മരണപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ ആശുപത്രിയിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ആശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന ഏജന്‍സിക്ക് ആശുപത്രി അധികൃതര്‍ കുടിശ്ശിക തുക നല്‍കാത്തതിനാലാണ് അവര്‍ പുതിയ സിലിണ്ടറുകള്‍ എത്തിക്കാതിരുന്നതെന്ന് കഫീല്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്പനിക്ക് പണം നല്‍കാതിരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന വാര്‍ത്ത പുറത്തുവന്നതോടെ യോഗി ആദിത്യനാഥിന്റെ  സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. 

പുറത്തുനിന്ന് കുറച്ച് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച നിന്റെ വിചാരം നീ ജീവന്‍ രക്ഷിച്ചെന്നും ആയെന്ന് കരുതുന്നുണ്ടോ? നിന്നെ ഞാന്‍ കാണിച്ചു തരാം. അതൊക്കെ ഞങ്ങള്‍ നോക്കിക്കോളാമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ കഫീല്‍ ഖാനോട് പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ശിശുരോഗവിഭാഗം തലവനായ ഡോ. കഫീൽ ഖാനെ ചികിൽസാ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. അന്ന് മറ്റൊരു വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന കഫീല്‍ ഖാന്‍ ദുരന്തവ്യാപ്തി തിരിച്ചറിഞ്ഞ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതുകൊണ്ടാണ് കുറേ ജീവനുകളെങ്കിലും രക്ഷപെട്ടതെന്ന് സഹപ്രവര്‍ത്തകരും രോഗികളുടെ ബന്ധുക്കളും അന്ന് പറഞ്ഞിരുന്നു.

 ബിആര്‍ഡി ആശുപത്രിയിയില്‍ നിന്നും തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് സിലിണ്ടറുകള്‍ കടത്തിയെന്നായിരുന്നു കഫീല്‍ഖാന് മേല്‍ പ്രത്യേക അന്വേഷണ സംഘം ആരോപിച്ച കുറ്റം. തനിക്ക് നേരെ അധികൃതര്‍ കുറ്റമാരോപിക്കുന്നത് കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കഫീല്‍ഖാന് സൂചനയുണ്ടായിരുന്നെങ്കിലും  തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ ജയിലിലായ അദ്ദേഹത്തെ പിന്നീട് ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആറുമാസമായിട്ടും ജാമ്യം അനുവദിക്കാനുള്ള യാതൊരു നടപടികളുമുണ്ടായിട്ടില്ല. ജാമ്യപേക്ഷകള്‍ കോടതി നിരന്തരം തള്ളുകയാണ്.

സിലിണ്ടറുകള്‍ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് ആരോപണങ്ങളും കഫീല്‍ഖാന് നേരെയുണ്ടായി. ജില്ലാ മജിസ്‌ട്രേറ്റും ചീഫ് സെക്രട്ടറിയും ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. കൃത്യസമയത്ത് മുതിർന്ന ഡോക്ടർമാരെ വിവരം അറിയിക്കുന്നതിൽ വീഴ്ചവരുത്തി,  അനുവാദമില്ലാതെ ലീവെടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയാണ് ഇപ്പോള്‍ ഡോക്ടർ കഫീലിനുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍. 

MORE IN INDIA
SHOW MORE