പാക്നയം ദുരന്തം; അയൽക്കാരെല്ലാം ശത്രുക്കൾ; ആക്രമിച്ച് കോണ്‍ഗ്രസ് പ്രമേയം

congress
SHARE

എന്‍.ഡി.എ സര്‍ക്കാരിന്‍റെ പാക്നയം ദുരന്തമെന്ന് കോണ്‍ഗ്രസ് വിദേശകാര്യപ്രമേയം. പാക് നയത്തില്‍ വ്യക്തമായ രൂപരേഖയില്ലെന്നും  പാക് നയത്തെ വിഭജനവിഷയമാക്കിയത് തിരിച്ചടിയാണെന്നും ഡല്‍ഹിയില്‍ നടക്കുന്ന  പ്ലീനറി സമ്മേളനത്തില്‍ ആനന്ദ്  ശര്‍മ അവതിപ്പിച്ച പ്രമേയം പറയുന്നു. അയല്‍രാജ്യങ്ങളുമായുളള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. സ്വന്തം താല്‍പര്യമാണ് മോദിയുടെ വിദേശനയം. യു.പി.എ കാലത്ത്  ബംഗ്ലദേശുമായുളള നല്ല ബന്ധം ഉണ്ടായിരുന്നത് ഇല്ലാതായെന്നും  ചൈനയുമായുളള ബന്ധം മോശമായെന്നും  പ്രമേയം ആരോപിക്കുന്നു.  പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  സമ്മേളനത്തെ അഭിസംബോധന ചെയ്യും. 

അതേസമയം ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യമെന്ന ഫോര്‍മുലയാണ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം മുന്നോട്ട് വയ്ക്കുന്നത്. മല്ലികാർജുൻ ഖാർഗെ അവതരിപ്പിച്ച പ്രമേയത്തിൽ, സമാന മനസുള്ള പാർട്ടികളുമായി കൈകോർത്ത് പൊതു പ്രവർത്തന പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്നതിനാണ് ഊന്നൽ. ബിജെപി ഇതര മുന്നണിക്കും വിശാല സഖ്യത്തിനുമായുള്ള പ്രാദേശിക പാർട്ടികളുടെ നീക്കങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ നയപ്രഖ്യാപനം. 

 രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളിൽ അധ്യക്ഷന്റെ വാക്കുകളെ ആകാംക്ഷയോടെയാണ് അണികൾ കാത്തിരിക്കുന്നത്. അതേസമയം, പ്ലീനറി  സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒരുപോലെയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്ക് സാമ്പത്തികകാര്യ പ്രമേയത്തിലൂടെ മറുപടി നൽകും.

  പ്ലീനറി സമ്മേളനത്തിലെ ആമുഖ പ്രസംഗം അഞ്ചു മിനിറ്റിൽ ഒതുക്കിയ രാഹുൽ ഗാന്ധി, പ്രമേയ ചർച്ചകൾക്കു  മറുപടി പറയുമ്പോൾ   എന്തൊക്കെ കാര്യങ്ങൾ പരാമർശിക്കും എന്നുള്ള ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. വൈകിട്ട് നാലുമണിക്കാണ് കോൺഗ്രസ് അധ്യക്ഷൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 

അതേസമയം, മുൻ ധന മന്ത്രി പി ചിദംബരം രാവിലെ പതിനൊന്നിന് സാമ്പത്തിക പ്രമേയം അവതരിപ്പിക്കും. നവലിബറൽ സാമ്പത്തിക നയത്തെ മയപ്പെടുത്തി, പാർട്ടി പാവപ്പെട്ടവർക്കൊപ്പമെന്ന സന്ദേശമാകും പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത്. മറുപടി ചർച്ചയിൽ കെപിസിസി ഉപാധ്യക്ഷൻ വി.ഡി സതീശനും സംസാരിക്കും. ആനന്ദ്‌ ശർമ്മ അവതരിപ്പിക്കുന്ന വിദേശകാര്യ പ്രമേയത്തിൽ ഇന്ത്യയുടെ വിദേശനയത്തിലെ പാളിച്ചകളും പാകിസ്താനുമായുള്ള ബന്ധം വഷളായതുൾപ്പെടെയുള്ള വിഷയങ്ങളും ഇടംപിടിക്കും. അതിനിടെ, പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാൻ സമ്മേളനം രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തും. പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളെയും കോൺഗ്രസ് അധ്യക്ഷൻ പിന്നീട്  നാമനിര്‍ദേശം ചെയ്യും.

MORE IN BREAKING NEWS
SHOW MORE