സഖ്യം തുടരുമെന്ന് അഖിലേഷിന്‍റെ പ്രഖ്യാപനം; ചിരവൈരികളുടെ ചങ്ങാത്തം ദൃഢമാകുന്നു

akhilesh
SHARE

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനായതിന്‍റെ ആത്മവിശ്വാസത്തില്‍ ബി.എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ്‍വാദി പാര്‍ട്ടി. അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും കൈരാന ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി.  അതേസമയം, ബി.ജെ.പിയില്‍ സമ്പൂര്‍ണഅഴിച്ചുപണിക്കൊരുങ്ങുകയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

യു.പി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്നലെ രാത്രി ബിഎസ്.പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അഖിലേഷ് യാദവ് നയം വ്യക്തമാക്കിയത്. ബി.എസ്.പിയുമായുള്ള നിയന്ത്രിത സഖ്യം ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് അഖിലേഷ് പറഞ്ഞു. കൈരാന ഉപതിരഞ്ഞെടുപ്പിലും 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും ഇംഗ്ളീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഖിലേഷ് വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതി ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ ബി.എസ്.പിയും എസ്.പിയും കൂട്ടുകൂടുന്നത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാകും. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടിയ ബി.ജെ.പി 42 ശതമാനം വോട്ടുവിഹിതമാണ് നേടിയത്. എന്നാല്‍ അഞ്ച് സീറ്റ് മാത്രം നേടിയ എസ്.പി 22 ശതമാനവും സീറ്റൊന്നും നേടാതിരുന്ന ബിഎസ്പി 19 ശതമാനവും വോട്ട് നേടി. പ്രതിപക്ഷപാര്‍ട്ടികളുടെ വോട്ട് ചിതറുന്നത് ബിജെപിക്ക് തുണയാകുമെന്ന് വ്യക്തമായതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് ബിഎസ്പി പ്രഖ്യാപിച്ചത്. 

എന്നാല്‍, ബിജെപിയെ മുഖ്യശത്രുവായി കണ്ട് ഒരുമിച്ച് നീങ്ങാനുള്ള നീക്കത്തോട് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജില്ലാതലം മുതല്‍ ദേശീയ തലംവരെ സമഗ്രമായ അഴിച്ചുപണിയ്ക്കൊരുങ്ങുന്ന അമിത്ഷായ്ക്ക് ഉപതിരഞ്ഞെടുപ്പ് ഫലം ദിശാസൂചികയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയിലെ ഫലം ദേശീയരാഷ്ട്രീയത്തിന്‍റെ വിധി നിര്‍ണയിക്കും എന്നതിനാല്‍ തന്നെ ബി.എസ്.പി..എസ്.പി സഖ്യനീക്കം ബിജെപി ക്യംപില്‍ ആശങ്കയുണര്‍ത്തുമെന്നുറപ്പാണ്.

MORE IN BREAKING NEWS
SHOW MORE