സമവായത്തിന് നിര്‍ദേശിക്കാനാകില്ല, സമവായം വേണ്ടെന്നുമില്ല; ബാബറി കേസില്‍ കോടതി

bari-sc
SHARE

ബാബറി മസ്ജിദ് കേസില്‍ സമവായത്തിന് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. സമവായം വേണ്ടെന്നും അഭിപ്രായമില്ല. സമവായശ്രമങ്ങള്‍ക്കായി കോടതി ഒരാളെയും ചുമതലപ്പെടുത്തില്ല. കക്ഷികള്‍ ഒത്തുതീര്‍പ്പാക്കി അറിയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പറഞ്ഞു. കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും കോടതി തളളി. 

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ തുടങ്ങി മുപ്പത്തിരണ്ട് പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ കക്ഷികളായിരുന്നവരെ മാത്രം കേള്‍ക്കും. അതേസമയം, കേസ് അഞ്ചംഗബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യത്തില്‍ ആദ്യം വാദം കേട്ട് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്‍റ് തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് സുപ്രീംകോടതിയിലുളളത്.

MORE IN BREAKING NEWS
SHOW MORE