പരിഹസിച്ച് രാഹുല്‍, മമത; മായാവതിക്ക് നന്ദിയെന്ന് അഖിലേഷ്, വീഴ്ചയറിഞ്ഞ് യോഗി

ghorakhpur-reax
SHARE

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി നേരിട്ട ബിജെപിയെ പരിഹസിച്ചു കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്ത്. വിജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാർഥിക്കു ജനങ്ങൾ വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 

ബിജെപി സഖ്യത്തോടു ജനങ്ങൾ കടുത്ത രോഷത്തിലാണ്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഒരു രാത്രി കൊണ്ടു സംഭവിക്കില്ലെന്നും രാഹുൽ ഓർമിപ്പിച്ചു. ഗോരഖ്പുരിലും ഫുൽപുരിലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. അതേസമയം, ജനവിധി അംഗീകരിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം അപ്രതീക്ഷിതമാണ്. വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മായാവതിക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവും രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും രൂക്ഷമായ ഭാഷയിലാണു ബിജെപിയെ വിമർശിച്ചത്. ഗോരഖ്പുരിലും ഫുൽപുരിലും നേടിയ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അഭിനന്ദിച്ച മമത, ചിലരുടെ അന്ത്യത്തിന്റെ ആരംഭമാണിതെന്നും പ്രഖ്യാപിച്ചു.

ബിഹാറിലെ അരാരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ജഹനാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും മമത അഭിനന്ദിച്ചു. തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും രംഗത്തെത്തി.

ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ ഭാരത് സോളങ്കിയും ബിജെപിയെ പരിഹസിച്ചു ട്വീറ്റ് ചെയ്തു. രാജ്യത്ത് ഏതു ദിശയിലാണു കാറ്റു വീശുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരഞ്ഞെടുപ്പു ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരിച്ചടികൾക്കുശേഷം ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ബിജെപി പരാജയം രുചിച്ചിരിക്കുന്നു. പാവപ്പെട്ടവർക്കും കർഷകർക്കും എതിരായ നയങ്ങളാണ് ബിജെപിയുടെ തോൽവിക്കു കാരണമെന്നും അദ്ദേഹം കുറിച്ചു.

MORE IN BREAKING NEWS
SHOW MORE