ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഒരുങ്ങിയ യാത്ര; തീ വിഴുങ്ങിയത് കൊടുമുടിയിലെ ‘വനിതാദിനാഘോഷം’

ctc-page
SHARE

എടുത്തുചാടിയുള്ള യാത്ര. മുന്നൊരുക്കങ്ങളില്ലാതെ ട്രക്കിങ്ങിന് അവസരമൊരുക്കിയത് ഫെയ്സ്ബുക്ക് ഗ്രൂപ്പ്. കാട്ടുതീയുണ്ടെന്ന് അറിഞ്ഞിട്ടും സംഘത്തിന് പാസ് നല്‍കിയ വനംജീവനക്കാര്‍. തേനിയിലെ വന്‍ദുരന്തത്തെ അക്ഷരാര്‍ഥത്തില്‍ പലര്‍ ചേര്‍ന്ന് വിളിച്ചുവരുത്തുകയായിരുന്നു. തമിഴ്നാട് അതിർത്തിയിലെ തേനിയിൽ കൊരങ്ങിണി വനമേഖലയിൽ പോയ ട്രക്കിങ് സംഘത്തിന് അവസരമൊരുക്കിയത് ഫെയ്സ്ബുക് ഗ്രൂപ്പാണെന്നാണ് പുതിയ വിവരം. ചെന്നൈ ട്രക്കിങ് ക്ലബാണ് (സിടിസി) വനിതാദിനത്തോടനുബന്ധിച്ചു യാത്ര സംഘടിപ്പിച്ചത്. ഏറെയും ഐടി ജീവനക്കാരാണെന്നാണു സൂചന. ഈ സംഘത്തിലുള്ളവരും കാട്ടുതീയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കുക എന്നതായിരുന്നു ട്രക്കിങ് ദൗത്യം. ഇതു സംബന്ധിച്ചു സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും വിവരങ്ങൾ നൽകിയിരുന്നു. തമിഴ്നാട്–കേരള അതിര്‍ത്തിയിലെ കൊളുക്കുമലയിൽ രണ്ടു ദിവസത്തെ ട്രക്കിങ്ങിനായിരുന്നു ക്ഷണം. ഫെബ്രുവരി ഒൻപതിനാണു റജിസ്ട്രേഷൻ ആരംഭിച്ചത്. സംഘാടകർ ഉൾപ്പെടെ പരമാവധി 20 പേർക്കു പങ്കെടുക്കാനാകുമായിരുന്നു. മാർച്ച് ഒൻപതിനു രാവിലെ അഞ്ചിനു ചെന്നൈയിൽനിന്നു സംഘം യാത്ര തിരിച്ചു. 11നു രാത്രി ഒൻപതോടെ യാത്ര അവസാനിപ്പിക്കാനായിരുന്നു തീരുമാനം. 12നു രാവിലെ തിരികെ ചെന്നൈയിലെത്താവുന്ന വിധം ട്രക്കിങ് നടത്തുന്നതിനിടെയാണു ദുരന്തം.

യാത്രാചെലവായി 1500 രൂപയും ഒപ്പം ഗതാഗത ചെലവുമായിരുന്നു പങ്കെടുക്കുന്നവർ നൽകേണ്ടിയിരുന്നത്. ദിവ്യ, നിഷ എന്നിവരാണു സംഘാടകരെന്നും വെബ്സൈറ്റിലുണ്ട്. ട്രക്കിങ്ങിനു വേണ്ട എല്ലാ പരിശീലനവും നൽകിയാണു സിടിസി അംഗങ്ങളെ യാത്രയ്ക്കു പ്രാപ്തമാക്കാറുള്ളത്. ട്രക്കിങ്ങിന് ആവശ്യമായ എല്ലാ വസ്തുക്കളും ഉറപ്പാക്കാറുമുണ്ട്.‌

യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ സിടിസി ഉത്തരവാദിയല്ലെന്നു റജിസ്ട്രേഷൻ സമയത്ത് അറിയിക്കും. യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങളെപ്പറ്റിയും റജിസ്ട്രേഷൻ സമയത്തു മുന്നറിയിപ്പു നൽകും. ഇത്തവണ അപ്രതീക്ഷിതമായെത്തിയ കാട്ടുതീ എല്ലാം തകിടം മറിക്കുകയായിരുന്നു. 

2008ൽ രൂപപ്പെട്ട ഈ കൂട്ടായ്മ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ് ഗ്രൂപ്പുകളിലൊന്നാണ്. നാലു ലക്ഷത്തോളം അംഗങ്ങളാണു ഗ്രൂപ്പിലുള്ളത്. ശുചീകരണവും വൃക്ഷത്തൈ നടീലുമൊക്കെയായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങളും സംഘം ചെയ്യുന്നു.  കാട്ടുതീയെത്തുടർന്നു സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ട്രക്കിങ് പാതയിൽനിന്നു മാറിയവരാണ് അപകടത്തിൽപ്പെട്ടതെന്നറിയുന്നു. പുൽപ്രദേശത്തേക്ക് ഓടിയെത്തിയവർക്കാണു ഗുരുതര പൊള്ളലേറ്റത്.

ctc-fb-page

തീപിടിത്തത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങൾ എത്തിക്കാനാകാത്തതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാട്ടിനുള്ളിൽ ടോർച്ച് തെളിച്ചുനിന്നതും പലരെയും കണ്ടെത്താൻ സഹായിച്ചു. ട്രക്കിങ്ങിനിടെ ശക്തിയേറിയ എൽഇഡി ടോർച്ച് ഉൾപ്പെടെ കരുതാൻ സിടിസി സംഘത്തിനു നിർദേശം നൽകിയിരുന്നു. നിലവിൽ സിടിസി ഫെയ്സ്ബുക് പേജിൽ അപകടം സംബന്ധിച്ച വിവരങ്ങളൊന്നുമില്ല.

കാട്ടുതീ ഉണ്ടെന്നറിഞ്ഞിട്ടും പാസ് നല്‍കി

കൃത്യമായ ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രക്കിങ്ങാണ് തേനിയിലെ  തീപ്പിടിത്ത ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രദേശത്ത് കാട്ടുതീയുണ്ടെന്ന് അറിഞ്ഞിട്ടും സംഘത്തിന് പാസ് നല്‍കിയ വനംജീവനക്കാരുടെ വീഴ്ച മറച്ചുവയ്ക്കാനാകില്ല. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേനിയിലെത്തിയവര്‍ അവിടെ ഒത്തുചേര്‍ന്നാണ് വനയാത്ര തുടങ്ങിയത്.

കൊരങ്ങിണി വനത്തില്‍ 39 പേരടങ്ങുന്ന  രണ്ട് സംഘമാണ് വനയാത്ര നടത്തിയത്. സംഘത്തിന് വഴികാട്ടിയായി രണ്ടുപേരുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.  12 പേരുടെ സംഘം മൂന്നാര്‍ –സൂര്യനെല്ലി വഴി കൊളുക്കുമലയിലെത്തി ക്യാംപുചെയ്തു.  ബാക്കിയുളളവര്‍ കൊരങ്ങണിയില്‍നിന്ന് കയറി കൊളുക്കുമലയിലെത്തി. ഇവിടെ ഒത്തു ചേര്‍ന്ന സംഘം  കൊരങ്ങിണിയിലേക്ക് തിരിച്ചിറങ്ങുമ്പോഴാണ് ദുരന്തം ആഞ്ഞടിച്ചത്. പരസ്പരം പരിചയമില്ലാത്തവരായിരുന്നു സംഘത്തിലേറെയും. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍, കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ , ചിലരൊറ്റയ്ക്ക്, ഇങ്ങനെ ചിതറിയായിരുന്നു സംഘത്തിന്റെ നീക്കം.  യാത്രയില്‍ അസ്വഭാവിക സാഹചര്യങ്ങളില്‍ എങ്ങനെ സുരക്ഷ തേടണം എന്നതില്‍ കൃത്യമായ ആസൂത്രണമോ ധാരണയോ ഉണ്ടായിരുന്നില്ല. ഇത്രവലിയ ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. 

ഇതിനാല്‍ തീ ആളിയടുത്തതോടെ സംഘം ചിതറിയോടി.  കുന്നില്‍ ചരിവുകളില്‍ തീയാളിടുത്തതോടെ  പലരും പകച്ചുപോയി.   വഴിയറിയാതെയും പോളളലേറ്റും മുന്നോട്ട് നീങ്ങാനാവാതെ വന്നവരാണ്  ദുരന്തത്തിനിരയായത്.  ചിലര്‍ പാറയുടെ പുറകില്‍ അഭയം തേടി, ചിലര്‍ക്ക് വഴി കണ്ടെത്താനായത് രക്ഷയൊരുക്കി. ഞായറാഴ്ച രാവിലെ പുറപ്പെട്ട്  ഇന്ന് മടങ്ങും പ്രകാരമാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത   അഗ്നി താണ്ഡവം സാഹസികയാത്രയെ ദുരന്തയാത്രയാക്കി.  ട്രെക്കിങ് സംഘത്തെ ഏകോപിച്ചതാരെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ചെന്നൈ ട്രെക്കിങ് ക്ലബ് വനിത സംഘത്തെ മേഖലയില്‍ കൊണ്ടുവന്നിരുന്നതായി പറയുന്നു. എന്നാല്‍ ദുരന്തത്തില്‍പ്പെട്ടവരെല്ലാം ചെന്നൈ ക്ലബുമായി ബന്ധപ്പെട്ടാണോ വന്നതെന്നും വ്യക്തമല്ല.   ജാഗ്രതപുലര്‍ത്തേണ്ട  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി.

MORE IN INDIA
SHOW MORE