തമിഴ്നാട്ടില്‍ ആണ്ടാള്‍ വിവാദം പുകയുന്നു

തമിഴ്നാട്ടില്‍ ആണ്ടാള്‍ വിവാദം പുകയുന്നു. ആണ്ടാള്‍ ദേവി ദേവദാസിയായിരുന്നെന്ന് പറഞ്ഞ കവി വൈരമുത്തുവിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. സിനിമലോകം വൈരമുത്തുവിനൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത സംവിധായകന്‍ ഭാരതി രാജ പറഞ്ഞു. വൈരമുത്തുവിനെ സംരക്ഷിക്കുമെന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാനും വ്യക്തമാക്കി. 

ഈ മാസം ഏഴാം തിയതിയാണ് ദിനമണി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ കവി വൈരമുത്തു ആണ്ടാള്‍ ദേവിയെ ദേസദാസി എന്ന് വിഷേഷിപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം തുടരുകയാണ്. ശിവസേനയും എതിര്‍പ്പുമായി രംഗത്തെത്തി. വൈരമുത്തുവിന്‍റെ വരികളിലൂടെയാണ് സിനിമയില്‍ പലരും പ്രശസ്തരായതെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കണമെന്നും, കമലിനെയും രജനിയെയും ലക്ഷ്യംവച്ച് സംവിധായകന്‍ ഭാരതി രാജ പറഞ്ഞു. 

വൈരമുത്തു ആരാണെന്നറിയാത്തവരാണ് കല്ലെറിയുന്നതെന്ന് നാം തമിഴര്‍ കക്ഷി കണ്‍വീനര്‍ സീമാന്‍ പ്രതികരിച്ചു.ശ്രീവില്ലിപ്പുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഹിന്ദു ആചാര്യന്‍ സടഗോപ രാമാനുജ ജയര്‍ ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു. തമിഴ് എഴുത്തുകാര്‍ വൈരമുത്തുവിന് പിന്തുണ അറിയിച്ച് കത്തെഴുതി.