നിയമസഭാ അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു

Thumb Image
SHARE

തമിഴ്നാട്ടില്‍ നിയസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ നിയമസഭയില്‍ വച്ചു. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നൂറു ശതമാനമാണ് വര്‍ധന. സഭയില്‍ വച്ച മണി ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. തിങ്കളാഴ്ച്ച തുടങ്ങിയ നിയമസഭ സമ്മേളനം നാളെ സമാപിക്കും. 

നിയമസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ മണി ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 2017 ജുലൈ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ്. എണ്ണായിരമായിരുന്ന അടിസ്ഥാന ശമ്പളം മുപ്പതിനായിരമാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരുടെ മാസശമ്പളം അലവന്‍സ് ഉള്‍പ്പെടെ 59500 ല്‍ നിന്ന് ഒരു ലക്ഷത്തി പതിനഞ്ചായിരമായി ഉയരും. ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടേത് 59000ല്‍ നിന്നും ഒരു ലക്ഷത്തി പതിമൂന്നായിരമായും വര്‍ധിക്കും. എല്ലാ അലവന്‍സുമടക്കം 55000 ആണ് ഇതുവരെ എം.എല്‍.എമാര്‍ക്ക് ലഭിച്ചിരുന്നത്. ഇനിയത് ഒരു ലക്ഷത്തി അയ്യായിരമായി ഉയരും. നിയോജകമണ്ഡ അലവന്‍സില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പതിനായിരത്തില്‍ നിന്ന് ഇരുപത്തി അയ്യായിരത്തിലേക്ക് ഉയര്‍ത്തി. മുഖ്യമന്ത്രി,ഉപമുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് കണ്ടിജന്‍സ് അലവന്‍സ് ആറായിരം രൂപ വര്‍ധിപ്പിച്ചു.ഡെപ്യൂട്ടി സ്പീക്കര്‍,പ്രതിപക്ഷ നേതാവ് , ചീഫ് വിപ്പ് എന്നിവര്‍ക്ക് മൂവായിരത്തി അഞ്ഞൂറാണ് അധികമായി ലഭിക്കുക. പോസ്റ്റല്‍ അലവന്‍സില്‍ മാറ്റമ്ലില. രണ്ടായിരത്തി അഞ്ഞൂറില്‍ തന്നെ തുടരും. സഭയുടെ അനുമതിക്കായി വച്ച മണി ബില്ലിനെ പ്രതിപക്ഷവും സ്വതന്ത്ര എം.എല്‍.എ ദിനകരനും എതിര്‍ത്തു. സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ ശമ്പള വര്‍ധനവാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. 

MORE IN INDIA
SHOW MORE