ഒട്ടകത്തിന് കഴിക്കാൻ 500 റിയാലിന്റെ നോട്ട് നൽകി, ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു: സൗദി പൗരന്‍ പിടിയിൽ

Untitled design - 1
SHARE

ഒട്ടകത്തിന്റെ വായില്‍ 500 റിയാലിന്റെ നോട്ട് വച്ചുകൊടുക്കുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സൗദി പൗരന്‍  പിടിയിൽ. ബോധപൂർവം രാജ്യത്തിന്റെ കറന്‍സി നോട്ടിനെ അപമാനിച്ചു, നിയമവിരുദ്ധമായ സംഭവം വീഡിയോ എടുത്ത് ഷെയർ ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൗദി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൗദിയിൽ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഉടൻ തന്നെ സൗദി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാദിന്റെ വടക്ക് കിഴക്ക് അല്‍ ദവാദ്മി ഗവര്‍ണറേറ്റില്‍ വെച്ചാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്. 

സൗദിയിലെ നിയമം അനുസരിച്ച്, കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്നതോ കേടുവരുത്തുന്നതോ പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമേ 10,000 റിയാല്‍ വരെ പിഴയും ലഭിച്ചേക്കാം. അറസ്റ്റിലായ പ്രതിയുടെ കൈ പിന്നിൽ ബന്ധിച്ച രീതിയിലുള്ള ചിത്രം പൊലിസ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പേരു വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

കുറ്റാരോപിതനായ സൗദി പൗരനെ പബ്ലിക് പ്രോസിക്യൂഷന് വിചാരണ നടപടികള്‍ക്കായി കൈമാറിയെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്തിനാണ് ഇദ്ദേഹം കറന്‍സി ഒട്ടകത്തിന് തിന്നാല്‍ കൊടുത്തതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവന്നിട്ടില്ല. 

 Man feeds 500 Saudi riyal note to camel and gets arrested

MORE IN GULF
SHOW MORE