മാനം തെളിഞ്ഞു; യുഎഇയിൽ ജനജീവിതം സാധാരണനിലയിലേക്ക്

uae-rain
SHARE

യുഎഇയിൽ ജനജീവിതം സാധാരണനിലയിലേക്ക്. ഇന്നലെ മഴ പൂർണമായി മാറി നിന്നതോടെ ഭൂരിഭാഗം റോഡുകളിലെയും വെള്ളക്കെട്ടുകൾ നീക്കാനായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് . അതേസമയം നിർത്തിവെച്ചിരുന്ന ചെക്കിൻ നടപടികൾ പുനരാരംഭിച്ചതായി എമിരേറ്റ്സ് എയർലൈൻസ് അറിയിച്ചു 

മഴയെതുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്ന പ്രവൃത്തി രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ഒട്ടുമിക്ക റോഡുകളിലെയും വെള്ളം നീക്കാനായിട്ടുണ്ട്. എങ്കിലും ഗതാഗതം പൂർണമായും പൂർവസ്ഥിതിയിൽ ആയിട്ടില്ല. വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാട് പറ്റി.  റോഡുകളിൽ പരക്കെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പാർക്കിങ് ഏരിയകളിലേക്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് പുരോഗമിക്കുകയാണ്. നാളെയും ഓൺലൈൻ ക്ലാസ് തന്നെ തുടരും. സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  അതേസമയം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ടെർമിനൽ വണ്ണിൽ വിമാനങ്ങൾ ഇറങ്ങി തുടങ്ങി. എങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും എയർലൈനുകളുടെ അറിയിപ്പുകൾ കൃത്യമായി നിരീക്ഷണമെന്നും യാത്രക്കാരോട് ദുബായ് വിമാനത്താവള അധികൃതർ നിർദേശിച്ചു. 

മഴയെതുടർന്ന് നിർത്തിവെച്ചിരുന്ന ചെക്കിൻ നടപടികൾ പുനരാരംഭിച്ചതായി  എമിരേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.  മെട്രോ റെഡ് ലൈൻ സെന്റർ പോയിന്റ് മുതൽ ബിസിനസ് ബേ വരെയും ജബൽ അലി മുതൽ എക്സ്പോ 2020വരെയും സർവീസ് നടത്തും. അതേസമയം മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  ഞായറാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 75 വർഷത്തിനിടെയിലെ ശക്തമായ മഴയാണ് രാജ്യത്തുണ്ടായത്. ഐനിൽ 254 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

MORE IN GULF
SHOW MORE