75 വർഷത്തിനിടെയിലെ ശക്തമായ മഴ; വിമാനത്താവളത്തിൽ വെള്ളം കയറി; സർവീസുകള്‍ റദ്ദാക്കി

rainfall-uae
SHARE

യുഎഇയിൽ ഇന്നലെ കണ്ടത് 75 വർഷത്തിനിടെയിലെ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് രാജ്യത്തിലെ മിക്കയിടങ്ങളും വെള്ളത്തിനടിയായിലായി. ഗതാഗതം താറുമാറായിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറി ഒട്ടുമിക്ക വിമാനസർവീസുകളും റദ്ദാക്കി. നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

1949ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം യുഎഇയിൽ ആദ്യമായാണ് ഇത്രയും ശക്തമായ മഴ 24 മണിക്കൂറിനിടെ ലഭിക്കുന്നത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വെള്ളം കയറി രാജ്യത്തെ റോഡ് ഗതാഗാതം താറുമാറായി. ദുബായ് വിമാനത്താവളത്തിലെ റൺ വേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്സ് അർധരാത്രി വരെയുള്ള വിമാനങ്ങൾ റദ്ദാക്കി. എയർ അറേബ്യ, ഫ്ലൈ ദുബായ്, ഇത്തിഹാദ് വിമാനങ്ങളും ഒട്ടുമിക്ക സർവീസുകളും റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തിരിക്കുകയാണ്. അതേസമയം റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താനാവാത്ത സ്ഥിതിയും ഉണ്ട്. 

വിമാനത്താവളത്തിന് സമീപത്തെ ടണൽ റോഡുകൾ അടച്ചു. ദുബായ് അബുദാബി, ദുബായ് ഷാർജ, ദുബായ് അജ്മാൻ ഇന്റർനെറ്റ് സിറ്റി ബസുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്. ഒപ്പം മെട്രോയുടെ റെഡ് ഗ്രീൻ ലൈനുകളിലെ വിവിധ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സർവീസ് തടസപ്പെട്ടേക്കുമെന്നും ആർടിഎ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് വരെ സർവീസ് നീട്ടിയിരുന്നെങ്കിലും സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സർവീസ് പല ഭാഗത്തേക്കും തടസപ്പെട്ടിരുന്നു. 

രാവിലെ മുതൽ മഴയ്ക്ക് ശമനുണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങിയിട്ടില്ല, രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. വടക്കൻ എമിറേറ്റുകളിൽ നേരിയ തോതിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഷാർജ ഉമ്മൽ ഖുവൈൻ എമിറേറ്റുകളിൽ രാവിലെ തൊട്ട് നേരിയ മഴയുണ്ട്. ഇന്നലെ രാത്രി റാസ് അൽ ഖൈമയിലെ വാദി ഇസ്ഫാനിയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് സ്വദേശി മരിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. 

UAE under heavy rainfall.

MORE IN GULF
SHOW MORE