അധ്യാപകർക്ക് പ്രത്യേക വർക് പെർമിറ്റ്; യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം

examination-1
SHARE

യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം. ഇനി മുതൽ വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കണമെങ്കിൽ അധ്യാപകർ പുതിയ വർക്ക് പെർമിറ്റ് എടുത്തിരിക്കണം. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായാണ് പുതിയ വർക്ക് പെർമിറ്റ് അനുവദിച്ചത്.

ക്ലാസ് മുറിക്ക് പുറത്തുള്ള അധ്യയനം വ്യവസ്ഥ ചെയ്യുന്നതിനൊപ്പം നിയമവിരുദ്ധമായി സ്വകാര്യ ട്യൂഷനുകളെടുക്കുന്നവരെ നിയന്ത്രിക്കാൻ കൂടി  ലക്ഷ്യമിട്ടാണ് അധ്യാപകർക്ക് പ്രത്യേക വർക് പെർമിറ്റ് ഏർപ്പെടുത്തിയത്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ സ്വകാര്യ ട്യൂഷനുകൾ സഹായിക്കുമെന്നതിനാലാണ് നടപടി. വിദ്യാർഥികൾക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ ക്ലാസെടുക്കാൻ അധ്യാപകരെ അനുവദിക്കുന്നതാണ് പുതിയ വർക്ക് പെർമിറ്റ്.  

സർക്കാർ സ്വകാര്യ സ്കൂളിൽ റജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ സ്വകാര്യമേഖലയിലെ ജീവനക്കാർ, തൊഴിലില്ലാത്ത വ്യക്തികൾ, 15 മുതൽ 18 വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്ക് പെർമിറ്റിന് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സ്മാർട് ആപ്പ് , വെബ് സൈറ്റ് , ഇ സേവന സംവിധാനം എന്നിവ വഴി പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം.  രണ്ട് വർഷത്തേക്ക് പെർമിറ്റ് സൗജന്യമാണ്. അപേക്ഷിച്ച് അഞ്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അപേക്ഷ ഒരിക്കൽ നിരസിക്കപ്പെട്ടാൽ ആറുമാസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാം. പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷനെടുത്താൽ പിഴയടക്കമുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.   എന്നാൽ പിഴ എത്രയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സ്വകാര്യ അധ്യാപകരെ റിക്രൂട്ട് ചെയ്യുമ്പോഴുള്ള നിയമവിരുദ്ധമായ പ്രവണതകൾ തടയാൻ പുതിയ പെർമിറ്റ് സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക് കാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ മുഅല്ല പറഞ്ഞു. പ്രൈവറ്റ് അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് അവരുടെ പഠനശൈലിക്ക് ആവശ്യമായ എല്ലാ സഹായവും ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

2019ൽ ആണ് യുഎഇയിൽ അധ്യാപകർക്ക് സ്വകാര്യ ട്യൂഷനുകളെടുക്കാൻ അനുമതി നൽകിയത്. സർക്കാർ സ്കൂളിലെ അധ്യാപകർക്ക് മാത്രമായിരുന്നു അനുമതി. റജിസ്റ്റർ ചെയ്യുന്ന അധ്യാപകർക്ക് മന്ത്രാലയം സാമ്പത്തിക സഹായവും നൽകിയിരുന്നു.  എന്നാൽ അധ്യാപകർ പഠിപ്പിക്കുന്ന അതേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്വകാര്യ ട്യൂഷനെടുക്കാൻ അന്ന് അനുമതി ഉണ്ടായിരുന്നില്ല.

Regulation of private tuitions in UAE

MORE IN GULF
SHOW MORE