കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫിന്‍റെ ഭൗതിക ശരീരം കബറടക്കി

amir-funeral
SHARE

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ സബയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.  സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു കബറടക്കം. സബാ രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും ചടങ്ങുകളില്‍ പങ്കെടുത്തു. 

ആറുപതിറ്റാണ്ടുകാലം കുവൈത്തിന്റെ ഭരണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നല്‍കിയത്. രാവിലെ ബിലാല്‍ ബിന്‍ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തില്‍ സ്വദേശികളും വിദേശികളുമായി ഒട്ടേറെ പങ്കെടുത്തു. 

പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. രാജകുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമായി പരിമിതിപ്പെടുത്തിയ സംസ്കാരചടങ്ങുകളിൽ പുതിയ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബാ, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബാ, മന്ത്രിമാര്‍, തുടങ്ങിയവ‍ർ സംബന്ധിച്ചു. സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ ദേശീയ പതാക പുതപ്പിച്ച് മൺമറിഞ്ഞ പ്രിയപ്പെട്ടവർക്കൊപ്പമാണ് ഷെയ്ഖ് നവാഫിന് അന്ത്യവിശ്രമം ഒരുക്കിയത്. 2020ൽ കോവിഡിന്റെയും എണ്ണ വിലയിടിവിന്റെയും അടക്കം വലിയ വെല്ലുവിളികൾക്കിടയിലാണ് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ അമീറായി ചുമതലയേറ്റത്. അവിടുന്ന് ഇങ്ങോട്ട് കുവൈത്തിനെ സുസ്ഥിരമായ സാമ്പത്തികഭദ്രതയിൽ എത്തിക്കുന്നതിലും മേഖലയിൽ സമാധാനം നിലനിർത്തുന്നതിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. 

അമീറിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ മൂന്ന് ദിവസം അവധിയാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് അനുസരിച്ച് മക്ക മദീന ഹറമുകളിലും ഷെയ്ഖ് നവാഫിനായി മയ്യത്ത് നമസ്കാരം നടന്നു. 

MORE IN GULF
SHOW MORE