എൻജിനിൽ പക്ഷി ഇടിച്ചു; വിമാനം ദുബായിൽ ഇറക്കി

flilght-fire
representative image
SHARE

ദുബായ്: നേപ്പാളിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ എൻജിനിൽ പക്ഷിയിടിച്ച ഫ്ലൈദുബായിയുടെ കാഠ്മണ്ഡു – ദുബായ് വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി. എൻജിനിൽ പക്ഷി ഇടിച്ചു കയറിയതിനു പിന്നാലെ തീയുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി പറത്തി ദുബായിൽ എത്തിച്ചു.

ആകാശത്ത് തീ ചീറ്റി വിമാനം പോകുന്നതു കണ്ട് ആശങ്ക പടർന്നെങ്കിലും അടിയന്തര ലാൻഡിങ് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പൈലറ്റ്. രാത്രി 12.11നു വിമാനം സുരക്ഷിതമായി നിലത്തിറക്കി. പക്ഷി ഇടിച്ചെങ്കിലും എൻജിന്റെ പ്രവർത്തനം തകരാറിലായിരുന്നില്ല. പക്ഷി ഇടിച്ചതിന് പിന്നാലെ തീ കണ്ടതാണ് പരിഭ്രാന്തി പടർത്തിയത്. വിമാനം സാധാരണ പോലെ നിലത്ത് ഇറക്കിയെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.

വിമാനത്തിൽ 50 നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 150 പേരുണ്ടായിരുന്നു. വിമാനം സുരക്ഷിതമാണെന്ന് അറിയിച്ചു നേപ്പാൾ സിവിൽ ഏവിയേഷൻ മന്ത്രി സുദൻ കിരാത്തി രാത്രി തന്നെ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, അമേരിക്കൻ എയർ ലൈനിന്റെ വിമാനം ഓഹിയോയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ പക്ഷി ഇടിച്ച് എൻജിനിൽ തീ പടരുകയും വിമാനം തിരിച്ചിറക്കുകയും ചെയ്തു.

MORE IN GULF
SHOW MORE