നാലു വർഷമായി ദുബായിൽ താമസം കാറിനുള്ളിൽ; ഒടുവിൽ, പ്രിയക്ക് സഹായം

priya-indrumani
SHARE

ദുബായ് : സാമ്പത്തിക പ്രയാസം കാരണം നാലു വർഷമായി കാറിൽ താമസിച്ചിരുന്ന ഇന്ത്യക്കാരി പ്രിയ ഇന്ദ്രു മണി(55)ക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സഹായം നൽകി. 2017ൽ അമ്മയ്ക്ക് പക്ഷാഘാതം വന്നു തളർവാതത്തിലായതോടെയാണ് പ്രിയ ഇന്ദ്രു മണിയുടെ പ്രയാസങ്ങൾ ആരംഭിച്ചത്. പ്രൈമറി കെയർ മേഖലയിൽ നടത്തിയിരുന്ന ബിസിനസ് വെല്ലുവിളികളെ അഭിമുഖീകരിച്ചതോടെ ജീവിതം വഴിമുട്ടി. 

ദുബായ് ബർഷ ഹൈറ്റ്‌സിലെ ഡെസേർട്ട് സ്പ്രിങ്സ് വില്ലേജിലുള്ള വില്ലയിലെ താമസ സ്ഥലത്തിന് വാടക പോലും നൽകാൻ കഴിയാതെ വരികയും പ്രിയ ഇന്ദ്രു മണിയെയും അവരുടെ അമ്മയെയും വില്ലയുടെ ഉടമ പുറത്താക്കുകയും ചെയ്തു. ഇരുവരും കുറേദിവസം ഒരു ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതരായി. തുടർന്ന് സഹായം ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. 

കുടിശ്ശികയുള്ള വാടകയ്ക്ക് വില്ലയുടെ ഉടമസ്ഥനുമായി ഒത്തുതീർപ്പ് ചർച്ച നടത്തി നടപടി സ്വീകരിച്ചു. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) കുടിശ്ശികയുൾപ്പെടെ ശേഷിക്കുന്ന കടങ്ങൾ തീർക്കാൻ ചിലർ മുന്നോട്ട് വന്നു. കുടിശ്ശികയുടെ വലിയൊരു ശതമാനം വീട്ടുടമ എഴുതിത്തള്ളി. ബിസിനസുകാരായ ജസ്ബിർ ബസ്സി വാടകയ്‌ക്ക് 50,000 ദിർഹവും ദേവാ കുടിശ്ശികയടക്കാൻ ഏകദേശം 30,000 ദിർഹവും സംഭാവന ചെയ്തതോടെ പ്രശ്നങ്ങൾ അവസാനിച്ചു. 

വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ തന്നെ സഹായിച്ചവരോട് പ്രിയ ഇന്ദ്രുമണി നന്ദി രേഖപ്പെടുത്തുകയും ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിനുള്ള സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് പിന്തുണ നൽകിയ വിനയ് ചൗധരി, അനീഷ് വിജയൻ, ജസ്ബിർ ബസ്സി എന്നിവരെ കോൺസുലേറ്റ് അഭിനന്ദിച്ചു.

MORE IN GULF
SHOW MORE