ദുബായ്–കേരള, ഒമാൻ-കേരള സെക്ടറിൽ നിരക്ക് കുറഞ്ഞു; ചെറിയ പെരുന്നാളിനു ചെറുതല്ല സന്തോഷം

flight-ktm.jpg
File Photo
SHARE

ദുബായ്/മസ്‌കത്ത്: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ദുബായ് – കേരള സെക്ടറിലും ഒമാൻ-കേരള സെക്ടറിലും വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്നലേയും ഇന്നും ഏറ്റവും കുറഞ്ഞ നിരക്കാണ് ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിന്. 19നും 20നും നിരക്ക് 514, 580 ദിർഹമാകും (12000 രൂപ). 21നും 22നും വീണ്ടും കുറഞ്ഞു 380 ദിർഹത്തിലെത്തും (8400 രൂപ). നാളെയും മറ്റന്നാളും ഇൻഡിഗോയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എയർ ഇന്ത്യ 301 ദിർഹത്തിനു ലഭിക്കും. ഇത്തിഹാദ് 450നും എമിറേറ്റ് 510നും ലഭിക്കും. തിരികെയുള്ള വിമാനത്തിനു നിരക്ക് കൂടുതലാണ്. ഇന്നലെ ഇൻഡിഗോയ്ക്ക് കൊച്ചി ദുബായ് റൂട്ടിൽ 602 ദിർഹമാണ് റേറ്റ്. ഇന്നു മുതൽ 400 ദിർഹമായി കുറയും.

തിരുവനന്തപുരത്തേക്ക് 300 ദിർഹത്തിൽ ടിക്കറ്റ് കിട്ടും (6600 രൂപ). 20നു മാത്രമാണ് ടിക്കറ്റ് നിരക്ക് 500നു മുകളിലാകുന്നത്. മറ്റു ദിവസങ്ങളിൽ 300 – 400 ദിർഹത്തിനിടയിൽ ടിക്കറ്റ് ലഭിക്കും. ഇന്നലെ കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയത് ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. 290 ദിർഹം  (6400 രൂപ) മുതൽ റേറ്റ് തുടങ്ങുന്നു. 19ന് ടിക്കറ്റ് നിരക്ക് 614 ദിർഹത്തിലെത്തും (13700 രൂപ). 20ന് 570 ദിർഹമാകും. 21 മുതൽ 23വരെ റേറ്റ് വീണ്ടും 295ൽ എത്തും. സ്കൂളുകൾ തുറന്നതും പെരുന്നാളിനു നാട്ടിൽ പോകാനുള്ളവർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതുമാണ് ഇപ്പോഴത്തെ റേറ്റ് കുറവിനു കാരണമായി പറയുന്നത്. വിഷു കഴിഞ്ഞതും റേറ്റ് കുറയാൻ കാരണമായി. ഒമാനിൽ നിന്നുള്ള ടിക്കറ്റ് റേറ്റും ഇതിന് സമാനമാണ്. ഒമാൻ എയർ ഉൾപ്പെടെ വിമാനങ്ങളിൽ നിരക്കുകൾ കുറവാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും 50 റിയാലിൽ (500 ദിർഹം) താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

മുൻ വർഷങ്ങളിൽ നാലിരട്ടി വരെ ടിക്കറ്റ് ഉയർന്നിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്തിൽ നിന്നു കോഴിക്കോട്ടേക്ക് നാളെ വരെ 37 റിയാലിന് (370 ദിർഹം) ടിക്കറ്റുകൾ ലഭ്യമാണ്. 19, 20, തീയതികളിൽ 54 റിയാലാണ് (540 ദിർഹം) ടിക്കറ്റ് നിരക്ക്. 21 മുതൽ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും (370 ദിർഹം). മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ ഇന്നു 35 റിയാൽ (350 ദിർഹം) മാത്രമാണ് ടിക്കറ്റിന്. എന്നാൽ മറ്റന്നാൾ (19ന്) 64 റിയാലാകും (640 ദിർഹം). കൊച്ചിയിലേക്ക് നാളെ വരെ 42 റിയാലിൽ (420 ദിർഹം) താഴെയാണ് ടിക്കറ്റ് നിരക്ക്. 19ന് 71 റിയാലും (710 ദിർഹം) 20ന് 81 റിയാലുമാണ് (810 ദിർഹം) നിരക്ക്. തിരുവനന്തപുരം സെക്ടറിൽ നാളെ 18 വരെ 42 റിയാലിൽ (420 ദിർഹം) താഴെയാണ് നിരക്ക്.

തുടർന്നുള്ള ദിവസങ്ങളിലും 71 മുതൽ 81 റിയാൽ വരെ ഉയരും. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുൻ വർഷങ്ങളിൽ ഇതേ ദിവസങ്ങളിൽ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകൾ. അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവർ കുറവാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.  അവധി കുറഞ്ഞതും സ്‌കൂളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതുമാണ് കാരണങ്ങൾ. ജൂണിൽ സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

Flight ticket Fares on Dubai-Kerala and Oman-Kerala sectors have decreased

MORE IN GULF NEWS
SHOW MORE