40 മിനിറ്റ് വെടിക്കെട്ട്; താരപ്പകിട്ട്; വമ്പന്‍ ന്യൂ ഇയര്‍ ആഘോഷത്തിന് യു.എ.ഇ

uae-new-year
SHARE

2023 നെ വരവേല്‍ക്കാന്‍ തകര്‍പ്പന്‍ പരിപാടികളുമായി യുഎഇ. ചരിത്രത്തിലെ ഏറ്റവും വലിയ പുതുവര്‍ഷാഘോഷങ്ങള്‍ക്കാണ് ദുബായ് ഒരുങ്ങിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടി കെട്ടിടമായ ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളടക്കം 10 ലക്ഷത്തോളം ദുബായിലെ പുതുവല്‍സരാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് അനുമാനം. നഗരത്തിലെ മുപ്പതോളം കേന്ദ്രങ്ങളില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഏറ്റവും വലിയ ആകര്‍ഷണം ആകാശത്ത് വര്‍ണമഴ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗമാണ്. ഇതിനുള്ള തയാറെടുപ്പുകളുടെ വിഡിയോ ദുബായ് മീഡിയ ഹൗസ് പുറത്തുവിട്ടു. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ദുബായ് ഫ്രെയിം, ബ്ലൂ വാട്ടേഴ്സ്, പാം അറ്റ്‍ലാന്റിസ്, ദ് ബീച്ച്, ജെ.ബി.ആര്‍, ജുമെയ്റ ബീച്ച്, ഗ്ലോബല്‍ വില്ലേജ്, ദുബായ് ക്രീക്ക്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ തുടങ്ങി മുപ്പതിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക. 

ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ ആണ് ആഘോഷങ്ങളുടെ മറ്റൊരാകര്‍ഷണം. ഇരുപത്തെട്ടാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് രാജ്യാന്തര സെലിബ്രിറ്റികളടക്കമുള്ളവരെ അണിനിരത്തിയുള്ള ഒട്ടേറെ കലാ, സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

ഗിന്നസ് റെക്കോര്‍ഡിനൊരുങ്ങി അബുദാബി‌

വെടിക്കെട്ടിന്റെ കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തിവെട്ടും അബുദാബി. അല്‍ വത്ബയില്‍ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 40 മിനിറ്റ് നീണ്ട വെടിക്കെട്ടാണ് ഒരുക്കുന്നത്. എ‌ട്ടുകിലോമീറ്റര്‍ നീളത്തിലാണ് കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കുക. പൈറോ ടെക്നിക്സ് അടക്കമുള്ള മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും വിപുലമായ പുതുവര്‍ഷാഘോഷപരിപാടികള്‍ നടക്കും.

കനത്ത സുരക്ഷ

ദുബായില്‍ ആഘോഷപരിപാടികള്‍ നടക്കുന്ന 32 കേന്ദ്രങ്ങളിലായി പതിനായിരം നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് മാത്രം 10,597 പേരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 3651 പട്രോള്‍ വാഹനങ്ങളും 45 മറീന്‍ ബോട്ടുകളും പൊലീസ് രംഗത്തിറക്കും. ദുബായ് ആംബുലന്‍സിന്റെ 1200 ടീമുകള്‍,  ദുബായ് മുനിസിപ്പാലിറ്റിയുടെ 1800 പേരടങ്ങിയ സംഘം, 700 പേരുള്‍പ്പെട്ട സിവില്‍ ഡിഫന്‍സ് സംഘം എന്നിവയെല്ലാം പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി അണിനിരക്കും. പ്രധാനകേന്ദ്രങ്ങളിലെല്ലാം ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN GULF
SHOW MORE