യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷം; പതിനായിരങ്ങളെത്തി

nahyan-gulf-uae
SHARE

പാരമ്പര്യത്തനിമയോടെ ബാപ്സ് ഹിന്ദു മന്ദിറിൽ ദീപാവലി ആഘോഷിച്ചു. നിർമാണത്തിലിരിക്കുന്ന ക്ഷേത്ര പരിസരത്ത് പ്രത്യേകം ടെന്റ്  ഒരുക്കിയായിരുന്നു ആഘോഷം. ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ 10,000ലേറെ പേർ പങ്കെടുത്തു. വർണവൈവിധ്യത്തിൽ തീർത്ത രംഗോലി സ്വദേശികൾക്കും വിദേശികൾക്കും കൗതുകമായി.

യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ,  പരാഗ്വേ സ്ഥാനപതി ജോസ് അഗ്വറൊ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും എത്തിയിരുന്നു. ദീപാവലി വെളിച്ചം നിങ്ങളുടെ വീടുകളിൽ സമൃദ്ധി നിറയ്ക്കട്ടെ എന്ന് ഷെയ്ഖ് നഹ്യാൻ ആശംസിച്ചു. ആഘോഷശേഷം അദ്ദേഹം ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ബാപ്‌സ് ഇന്റർനാഷനൽ റിലേഷൻസ് മേധാവി പൂജ്യ ബ്രഹ്മവിഹാരി സ്വാമി അനുഗമിച്ചു.

കരകൗശല വൈദഗ്ധ്യം കൊണ്ട് ക്ഷേത്രം ഐതിഹാസികവും അതുല്യവുമാകുമെന്നു പറഞ്ഞ മന്ത്രി ആഗോള ഐക്യം പ്രചരിപ്പിക്കാൻ ക്ഷേത്രം സഹായകമാകട്ടെ എന്നും കൂട്ടിച്ചേർത്തു. ഇതോടനുബന്ധിച്ച് നടന്ന അന്നക്കൂട്ടിൽ 1200 മധുരപലഹാരങ്ങളും പഴങ്ങളും നേദിച്ചു. ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിന്റെയും ക്ഷേത്രത്തിന്റെയും മാതൃകയിൽ പലഹാരങ്ങൾ ഒരുക്കിയിരുന്നു. വർണദീപങ്ങളെ വെല്ലുന്ന പലഹാരങ്ങളുടെ നിറവൈവിധ്യം മധുരപ്രേമികളെ ആകർഷിച്ചു. പ്രവാസി ഇന്ത്യക്കാർ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന് നേദിച്ച പലഹാരങ്ങൾ രുചിക്കാൻ മത്സരിക്കുകയായിരുന്നു ആരാധകർ.  ആഘോഷത്തിൽ പങ്കെടുക്കാൻ  വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരും എത്തിയിരുന്നു.

MORE IN GULF
SHOW MORE