ഹൃദയാഘാതം; ഡോക്ടറെ കാണാൻ പോകും വഴി അപകടം; അത്ഭുതകരമായ രക്ഷപെടൽ

jacob-accident.jpg
SHARE

ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോവുകയായിരുന്ന മലയാളി കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിക്കു തൊട്ടുമുൻപിലായിരുന്നു അപകടമെന്നതിനാൽ ഇദ്ദേഹത്തിനു വേഗം ചികിത്സ നൽകാൻ സാധിച്ചതായും അതുവഴി ഗുരതരമായ ഹൃദയാഘാതത്തിൽ നിന്നു രക്ഷപ്പെട്ടതായും ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.

ഷാർജയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 23 വർഷമായി യുഎഇയിൽ താമസിക്കുന്ന  ജേക്കബ് ജോൺ  നെടിയമ്പത്ത്(57) ആണ്  ഹൃദയാഘാതത്തിൽ നിന്നും അപകടത്തിൽ നിന്നും  രക്ഷപ്പെട്ടത്. ഷാർജയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിനു മുൻപിലെ റൗണ്ടെബൗട്ടിലായിരുന്നു അപകടം. രണ്ടു ദിവസമായി നെഞ്ചിലും തോളത്തും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താറുള്ള ഡോക്ടറുടെയടുത്തേക്കു പോവുകയായിരുന്നു ജേക്കബ് ജോൺ. വാഹനമോടിക്കുമ്പോൾ ബോധരഹിതനായ ഇദ്ദേഹം റൗണ്ടെബൗട്ടിലിടിച്ചു നിന്നു. 

വിവരമറിഞ്ഞ ആശുപത്രി അധികൃതർ ഉടൻ  നഴ്സുമാരുടെയും പരിചാരകരുടെയും ഒരു ടീമിനെ സ്ട്രെച്ചറുകളുമായി അയച്ചു. ജേക്കബ് ജോൺ അപ്പോഴും തന്റെ കാറിൽ അബോധാവസ്ഥയിലായിരുന്നു. പരിശോധനയിൽ പൾസ്  പ്രതികരിക്കുന്നില്ലെന്നു കണ്ടെത്തി, അടിയന്തര ചികിത്സ നൽകുകയായിരുന്നു. ഹൃദയത്തിന്റെ 2/3 ഭാഗത്തെ ബാധിക്കുന്ന  വലിയ ഹൃദയാഘാതമായിരുന്നു ഇദ്ദേഹത്തിന് സംഭവിച്ചിരുന്നത്. 

ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു; കൊളസ്ട്രോൾ വില്ലനായി

രണ്ടു ദിവസം മുൻപു ചെറിയ ശാരീരിക അസ്വസ്ഥത തോന്നിയിരുന്നതായി ജേക്കബ് ജോൺ പറയുന്നു. സംഭവസമയത്ത് ഭാര്യ ബിൻസിയും രണ്ടു മക്കളും നാട്ടിലായിരുന്നു. ഇടനെഞ്ചിലും തോളിലും അസ്വസ്ഥത അനുഭവപ്പെട്ടു. കുറച്ച് ബാം പുരട്ടിയപ്പോൾ വേദന കുറഞ്ഞു.  അടുത്ത ദിവസം വേദന വീണ്ടും അനുഭവപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ ജനറൽ ഫിസിഷ്യനെ കാണാൻ തീരുമാനിച്ചു. ഡോക്ടറെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം.  "രാവിലെ ഏകദേശം 11 ആയിക്കാണും. ഡോക്ടറെ കാണാൻ വേണ്ടി പോകുമ്പോൾ പെട്ടെന്ന് എന്താണു സംഭവിച്ചതെന്ന് ഒാർമയില്ലായിരുന്നു. പിന്നീടു മനസിലായപ്പോൾ ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു

ജേക്കബ് വളരെ ഉല്ലാസവാനും കായികക്ഷമതയുള്ളയാളുമായിരുന്നു. കൂടാതെ പ്രമേഹമോ അമിതവണ്ണമോ രക്തസമ്മർദ്ദമോ ഇല്ല. പക്ഷേ, കൊളസ്‌ട്രോളിന്റെ അളവ് ഉയർന്നതാണു കാരണമെന്നാണു ഡോക്ടർമാർ വിശദീകരിച്ചത്. ഉയർന്ന കൊളസ്‌ട്രോളിനെ നിസ്സാരമായി കാണരുതെന്നും ജേക്കബിന്റേത് അത്ഭുതകരമായ രക്ഷപ്പെടലാണെന്നും ഡോക്ടർമാർ പറഞ്ഞു. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റീസ് കമ്പനിയിലാണു ജേക്കബ് ജോൺ ജോലി ചെയ്യുന്നത്.

MORE IN GULF
SHOW MORE