പേമാരിയുടെ ആഘാതം മാറാതെ യുഎഇ; ചെളിനിറഞ്ഞ് താമസകേന്ദ്രങ്ങൾ

uae-flood
A flooded street is pictured in UAE's Fujairah emirate following heavy rainfall. (Photo by Giuseppe CACACE / AFP)
SHARE

ദുബായ്: ഏഴ് ഏഷ്യക്കാരുടെ മരണത്തിനിടയാക്കിയ പേമാരിയുടെ ആഘാതം വിട്ടുമാറാതെ യുഎഇ. കനത്ത നാശനഷ്ടമുണ്ടായ ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. മരിച്ചവരിലൊരാൾ പാക്കിസ്ഥാൻ പൗരനാണെന്നു സ്ഥിരീകരിച്ചെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. വിശദാംശങ്ങൾ പൊലീസും പുറത്തുവിട്ടിട്ടില്ല.

കൂടുതൽ പേരും മരിച്ചത് ഫുജൈറയിലാണെന്നാണ് സൂചന. റാസൽഖൈമയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് സാമൂഹിക പ്രവർത്തകർ നൽകുന്ന വിവരം. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും പൊലീസും സിവിൽ ഡിഫൻസും സംയുക്തമായി രാത്രിയും തിരച്ചിൽ നടത്തുന്നുണ്ട്.

വെള്ളക്കെട്ടിൽ വീണും വാഹനാപകടങ്ങളിലും പരുക്കേറ്റവരേറെയാണ്. മഴ മാറിയെങ്കിലും വെള്ളം പൂർണമായും താഴ്ന്നിട്ടില്ല. പല റോഡുകളും പാർക്കിങ്ങുകളും ചെളിക്കുണ്ടായി. വെള്ളവും ചെളിയും പമ്പ് ചെയ്തു നീക്കുന്ന ജോലി പുരോഗമിക്കുന്നു. 

ചെളിനിറഞ്ഞ് താമസകേന്ദ്രങ്ങൾ

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെടുക്കാൻ താമസസ്ഥലങ്ങളിലെത്തിയെങ്കിലും എല്ലാം ഏറെക്കുറെ ഉപയോഗശൂന്യമായിരുന്നു. ഫോണുകളും ലാപ്ടോപ്പുകളും നഷ്ടപ്പെട്ടവരേറെയാണ്. റഫ്രിജറേറ്റർ, എസി തുടങ്ങിയവ നശിച്ചു. കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചതുമൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.

കടകൾ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതിന്റെ നഷ്ടങ്ങൾ വേറെയും. കോവിഡ് ആഘാതത്തിൽ നിന്നു വ്യാപാര മേഖല കരകയറിവരുമ്പോഴാണ് അടുത്ത തിരിച്ചടി. ഫുജൈറ കോർണിഷിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. ഫോണില്ലാത്തതിനാൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെ വിവരങ്ങൾ പോലും അറിയാൻ കഴിയാത്തതും  താമസക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. 

പൊതുഗതാഗതം ഭാഗികമായി

മഴയും വെള്ളക്കെട്ടും മൂലം എമിറേറ്റിൽ ഗതാഗതം മുടങ്ങിയ കിഴക്കൻ മേഖലകളിലേക്കു പൊതുഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. മഴക്കെടുതി രൂക്ഷമായ കൽബ, ഖോർഫക്കാൻ മേഖലകളിലേക്കുള്ള സർവീസ് തുടങ്ങിയിട്ടില്ല. ഷാർജയിൽ നിന്നു ഫുജൈറ സിറ്റി സെന്റർ വരെയുള്ള നഗര പരിധികളിലേക്കാണ് ഇന്നലെ മുതൽ സർവീസ് പുനരാരംഭിച്ചതെന്നു ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി അറിയിച്ചു.

മഴ മൂലം റോഡുകൾ താൽക്കാലികമായി അടച്ചിരുന്നതിനാൽ 116, 611 ലൈനുകളിലെ ഗതാഗതമാണ് മുടങ്ങിയിരുന്നത്.ഷാർജ - ഫുജൈറ - ഖോർഫക്കാൻ മേഖലകളെ ബന്ധിപ്പിച്ചുള്ളതാണ് 116. ഷാർജ- ഫുജൈറ - കൽബ റൂട്ടിലേക്കുള്ളതാണ് 611 റൂട്ട്. ഈ റോഡുകളിൽ മഴമൂലം വൻ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഗതാഗതം പ്രതിസന്ധിയിലാക്കിയത്.അറിയിപ്പ് ഉണ്ടാകുന്നതുവരെ കൽബ, ഖോർഫക്കാൻ മേഖലകളിലേക്ക് സർവീസ് ഉണ്ടാകില്ലെന്നും ആർടിഎ അറിയിച്ചു.

MORE IN GULF
SHOW MORE