യുഎഇയിൽ കനത്ത മഴ; ഷാർജയിൽ മിന്നൽ പ്രളയം

യുഎഇയിൽ കനത്ത മഴ. ഷാർജയിൽ മിന്നൽ പ്രളയം. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോർട്ട്. ക്ലൌഡ് സീഡിങ്ങാണ് കടുത്ത വേനലിലും രാജ്യത്ത് മഴ ശക്തമാകാൻ കാരണം.  ഒമാനിലും കനത്ത മഴ തുടരുകയാണ്. 

പുലർച്ചെ രണ്ട് മണിക്ക് തുടങ്ങിയ ശക്തമായ മഴ നാലുമണിവരെ നിർത്താതെ തുടർന്നതാണ് ഷാർജയിൽ മിന്നൽ പ്രളയത്തിന് വഴിവച്ചത്. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ്, എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഖോർഫക്കാനിൽ റോഡുകളിൽ വെള്ളം കയറിയത്  ഗതാഗതത്തെ ബാധിച്ചു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതോടെ വാദികൾ കുത്തിയൊലിച്ചൊഴുകുന്നു. 

 ദുബായ് ജബൽഅലി, ഷാർജ ദൈദ്, ഉമ്മുൽഖുവൈൻ ഫല്ലാജ് അൽ മുഅല്ല എന്നിവിടങ്ങളിലും അൽ ഐനിലും ശക്തമായ മഴയാണ് ലഭിച്ചത്.  ഫുജൈറയിൽ മഴയെ തുടർന്ന് ഡ്രൈവ് ത്രൂ കോവിഡ് സെന്‍ററിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.  

രാജ്യത്തു പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.