നഴ്സിങ് കഴിഞ്ഞവർക്ക് യുഎഇയിലേക്ക് പറക്കാം; പ്രവൃത്തി പരിചയമില്ലാതെ ജോലി നേടാം

use-nurse
SHARE

ദുബായ്: ഇന്ത്യയിലെ നഴ്സിങ് വിദ്യാർഥികൾക്കും പഠിച്ചിറങ്ങിയവർക്കും ഏറെ ആഹ്ലാദകരമാകുന്ന പുതിയൊരു വാർത്ത കൂടി– പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാം. ഇതുവരെ യുഎഇയിൽ ജോലി ലഭിക്കാൻ രണ്ടു വർഷത്തെ പ്രൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസാകണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം (പേജ് 70) ചേർത്തിട്ടുണ്ട്. ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതിൽ വിജയിക്കുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലിയും നേടാം.

വളരെ കഷ്ടപ്പെട്ട് പഠിച്ച് നാട്ടിൽ ജോലി കണ്ടെത്താനാകാതെ വലയുകയും,  കുറഞ്ഞ വേതനത്തിന് ജോലിയിൽ പ്രവേശിക്കുകയും ട്രെയിനി നഴ്സുമാരായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും  ചെയ്യുന്ന അവസ്ഥയ്ക്ക് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് അബുദാബിയിൽ ഡാറ്റാ ഫ്ലോ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശി ടിബിൻ മാത്യു മനോരമ ഒാൺലൈനോട് പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ് എന്നിവർക്കും പ്രവൃ‍ത്തി പരിചയമില്ലാതെ യുഎഇയിൽ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റിൽ പറയുന്നു.

ഗോൾഡൻ വീസയ്ക്ക് പിന്നാലെ...

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കോവിഡ് മുന്നണിപ്പോരാളികളായ നഴ്സുമാർക്കും ആരോഗ്യമേഖലയിലെ മറ്റു സാങ്കേതിക പ്രവർത്തകർക്കും ആദരവായി 10 വർഷത്തെ ഗോൾ‍ഡൻ വീസ നൽകുമെന്ന് ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചത് പ്രാബല്യത്തിൽ വന്നത് ആദ്യമായി റിപ്പോർട്ട് ചെയ്തത് മനോരമ ഒാൺലൈനായിരുന്നു. അടുത്തിടെ മലയാളികളടക്കം ഒട്ടേറെ നഴ്സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ദീർഘകാല വീസ ലഭിക്കുന്നത് നഴ്സുമാർക്ക് ഏറെ ഗുണകരമാണ്. യുഎഇയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യൻ നഴ്സുമാരാണ്. നഴ്സ് ദമ്പതിമാർ ധാരാളമുള്ള യുഎഇയിൽ ഇരുവർക്കും ഗോൾഡൻ വീസ ലഭിക്കുന്നത് ഏറെ സഹായകമാണെന്ന് നഴ്സുമാർ അഭിപ്രായപ്പെട്ടു.

യുഎഇയിൽ നഴ്സ്; വേണ്ട യോഗ്യത 

–റജിസ്ട്രേർഡ് നഴ്സ്–ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നു നഴ്സിങ്ങിലുള്ള ബാച് ലർ ബിരുദം. 

–നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.

–ഗുഡ് സ്റ്റാൻഡിങ് സർടിഫിക്കറ്റ്.

–യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ പാസാകണം.

(കാനഡ, യുഎസ്, യുകെ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി യുഎഇ ആരോഗ്യവകുപ്പിന്റെ പരീക്ഷ ആവശ്യമില്ല).

സ്കൂൾ നഴ്സ്

സ്കൂളുകളിൽ ജോലി ലഭിക്കാൻ നഴ്സുമാർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇവർക്ക് റജിസ്റ്റേർഡ് നഴ്സിന്റെ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് സപോർട്ട് (പിഎഎൽഎസ്), പീഡിയാട്രിക് െഎസിയു, എമർജൻസി വിഭാഗങ്ങളിൽ 2 വർഷത്തെ പ്രവ‍ൃത്തി പരിചയമുള്ള റജിസ്റ്റേർഡ് നഴ്സുമാരായിരിക്കണം.

അ‌ടുത്തകാലത്തായി  യുഎഇയിൽ നിന്ന് ഒട്ടേറെ നഴ്സുമാർ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും പോയിരുന്നു. യുഎഇയിലേക്ക് കൂടുതൽ നഴ്സുമാരെയും മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ് എന്നിവരെയും ആകർഷിക്കാൻ ഇൗ  തീരുമാനം  വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് യുഎഇ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ലഭിക്കുന്നത്.

നഴ്സിങ് ജോലി; സംശയനിവാരണത്തിന് നോർക്ക

വിദേശങ്ങളിൽ നഴ്സിങ് ജോലി സംബന്ധമായ സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.

MORE IN GULF
SHOW MORE