ഇന്നലെ വിവാഹം; ഇന്ന് അടിച്ചത് 22 കോടിയോളം രൂപ; ദുബായിൽ പ്രവാസിക്ക് ഇരട്ടിമധുരം

dubai-lottery-win
SHARE

ഇന്നലെ വിവാഹിതനായ പ്രവാസിയായ ബ്രിട്ടീഷ് യുവാവിനു ദുബായിൽ മഹ്‌സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ(ഒരു കോടി  ദിർഹം) സമ്മാനം ലഭിച്ചതു ഇരട്ടി മധുരമായി. കഴിഞ്ഞ ശനിയാഴ്ച നടന്ന 84-ാമത് നറുക്കെടുപ്പിലാണു നാലു വർഷത്തോളമായി ദുബായിലെ ജിംനേഷ്യത്തിൽ മാനേജരായി ജോലി ചെയ്യുന്ന ലണ്ടൻ സ്വദേശി റീസി(26)നു സമ്മാനം ലഭിച്ചത്. കഴിഞ്ഞയാഴ്ചത്തെ നറുക്കെടുപ്പിൽ ദുബായിൽ ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിന് 21.5 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 

സ്വന്തം നാട്ടുകാരിയായ തന്റെ ദീർഘകാല പ്രണയിനിയെയാണ് റീസ് ഇന്നലെ സ്വന്തമാക്കിയത്. സമ്മാനം ലഭിച്ചതായി മഹ്‌സൂസിൽ നിന്നു സ്ഥിരീകരണ ഇ–മെയിൽ ലഭിച്ചതിനു ശേഷം താൻ ഒരു മിനിറ്റിലധികം സ്തംഭിച്ചു ഇരുന്നുപോയെന്നു യുവാവ് പറഞ്ഞു. പിന്നെ  പ്രിയതമയുടെ അടുത്തേക്ക് ഓടി, എന്റെ ഫോൺ അവൾക്ക് കൊടുത്തു. അവളതിൽ സമ്മാന വിവരം കണ്ടു പൊട്ടിക്കരഞ്ഞു. അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ മാതാപിതാക്കളെ വിളിച്ചു. അതൊരു സ്വപ്നം പോലെയായിരുന്നു.

ഞങ്ങൾ മികച്ചൊരു ജീവിതത്തിനായി തയാറെടുക്കുകയാണ്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്നും ഭാവി ഏതുരീതിയിൽ കെട്ടിപ്പടുക്കണമെന്നും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ തീരുമാനിക്കും. ദുബായ് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ സ്ഥലമാണെന്നും ഇവിടെ തന്നെ താമസം തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും റീസ് പറഞ്ഞു. ദുബായിലും യുണൈറ്റഡ് കിങ്ഡത്തിലും(യുകെ) പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഭാര്യക്ക് ഒരു പുതിയ കാർ സമ്മാനിക്കുകയും ചെയ്യും. അതേസമയം. ജിമ്മിലെ ജോലി തുടരുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. 2020 മുതൽ മഹ്സൂസിൽ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. പതിവുപോലെ അപ്പോൾ തോന്നി തിരഞ്ഞെടുത്ത അഞ്ചു നമ്പരുകൾക്കാണു സമ്മാനം ലഭിച്ചത്.  മഹ്സൂസിലെ ഇതുവരെയുള്ള വിജയികളിൽ ഏറ്റവും ചെറുപ്പക്കാരനാണ് റീസ് എന്നു മഹ്സൂസ് നടത്തുന്ന ഇ ഇവിങ്സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു. 

ഇതോടൊപ്പം, മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 6 പ്രവാസികൾ കൂടി 10 ദശലക്ഷം ദിർഹം സമ്മാനം നേടി. ഫിലിപ്പിനോ, തുർക്കിഷ് പൗരന്മാരാണു മറ്റു രണ്ടുപേർ. 50 ദശലക്ഷം ദിർഹം സമ്മാനം നേടിയ പാക്കിസ്ഥാൻ സ്വദേശി ജുനൈദ് റാണയാണ് മഹ്സൂസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭാഗ്യവാൻ.

MORE IN GULF
SHOW MORE