ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം; മിന ലക്ഷ്യമാക്കി തീർഥാടകർ

hajj
SHARE

ഹജ്ജിന് ഇന്ന്  ഔദ്യോഗിക തുടക്കം. തീർഥാടകർ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വെള്ളിയാഴ്ചയാണ് അറഫാ സംഗമം.  കൊടും ചൂടിൽ വേണം ഇത്തവണ കർമങ്ങൾ പൂർത്തിയാക്കാൻ. പത്ത് ലക്ഷം തീർഥാടകരാണ്  ഹജ്ജ് നിർവഹിക്കുന്നത്.   കോവിഡ് വന്നശേഷം ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഹജ്ജിന് സൗകര്യമൊരുക്കുന്നത്.   

 കാത്തിരിപ്പിനൊടുവിൽ പുണ്യനഗരിയിലെത്താനായതിന്‍റെ ആത്മനിർവൃതിയിലാണ് വിശ്വാസികൾ.  മിനയിലെ കൂടാരങ്ങൾ പ്രാർഥനാമന്ത്രങ്ങളാൽ മുകരിതമാകും.  മക്കയിൽനിന്ന് 7 കിലോമീറ്റർ അകലെ മിനായിലേക്കുള്ള പ്രയാണത്തിലാണ് തീർഥാടകർ.  വെള്ളിയാഴ്ചത്തെ അറഫ സംഗമത്തിന് മനസുകൊണ്ടുള്ള ഒരുക്കമാണ് കൂടാര നഗരിയായ മിനയിലെ  രാപ്പാർക്കൽ.  വെള്ളിയാഴ്ച പുലർച്ചെ  അറഫയെ ലക്ഷ്യമാക്കി നീങ്ങും.  കടുത്ത ചൂടിനെ  അതിജീവിക്കുകയെന്നതാണ്  തീർഥാടകർക്ക് നേരിടുന്ന വെല്ലുവിളി.  45 ഡിഗ്രി സെലസ്യസിലേറെയാണ് താപനില. 

ദീർഘ യാത്രക്കിടയിൽ ധാരാളം വെള്ളം കുടിക്കണമെന്ന് നിർദേശമുണ്ട്. ഉച്ചയോടെ തീർഥാടകർ അറഫാ മൈതാനിയില്‍ സംഗമിക്കും. അർഫാ പ്രഭാഷണത്തിന്  ഹിന്ദി, തമിഴ്, ഉർദു ഉൾപെടെ 14 ഭാഷകളിൽ തത്സമയ വിവർത്തനം ഏർപ്പെടുത്തിയിട്ടുണ്ട്.  അറഫ സംഗമത്തിൽ പങ്കെടുക്കാത്തവരുടെ ഹജ് പൂര്‍ണമാകില്ല എന്നതിനാൽ ആശുപത്രിയിൽ ചികിത്സയിലുള്ള തീർഥാടകരെ വരെ എയർ ആംബുലൻസിലും മറ്റുമായി അറഫ പരിധിയിൽ എത്തിക്കും. ഇതിനായി പ്രത്യേക സുരക്ഷാ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.   ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കുന്നത്. ഇതില്‍ 56,637 പേര്‍ ഹജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തില്‍നിന്ന് ഹജ് കമ്മിറ്റി വഴി 5,758 പേരാണ് ഹജ് നിര്‍വഹിക്കുന്നത്. 

MORE IN GULF
SHOW MORE