ദമ്പതികളെന്ന വ്യാജേന അബുദാബിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു; പണം നൽകാതെ മലയാളി മുങ്ങി

അബുദാബി∙ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ഏതാനും മാസം താമസിച്ച്  പണം നൽകാതെ മുങ്ങിയ മലയാളിക്കെതിരെ കെട്ടിട ഉടമ പരാതി നൽകി. ദമ്പതികളെന്ന വ്യാജേന ഫ്ലാറ്റ് എടുത്ത തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് പരാതി നൽകിയത്. ജല വൈദ്യുതി കുടിശ്ശിക വരുത്തിയതിനുള്ള മറ്റൊരു കേസും ഇവർക്കെതിരെയുണ്ട്.

ഫ്ലാറ്റ് എടുത്ത ഇവർ മറ്റു 2 കുടുംബത്തെ ഷെയറിങിനു വച്ചിരുന്നു. കൂടാതെ ബേബി സിറ്റ്, നൃത്ത പരിശീലനം എന്നിവയും നടത്തിയിരുന്നു. താമസക്കാരിൽനിന്ന് വാടകയും കുട്ടികളിൽനിന്ന് ഫീസിനും പുറമേ കൂടുതൽ പണം വായ്പ വാങ്ങിയാണ് ഇരുവരും സ്ഥലം വിട്ടതെന്ന് ഇവരോടൊപ്പം താമസിച്ചിരുന്നവർ പറഞ്ഞു. നാട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞ് ആദ്യം സ്ത്രീയും ഒരാഴ്ച കഴി‍ഞ്ഞ് പുരുഷനും പോയി. അതിനുശേഷം ആരുമായും ബന്ധപ്പെട്ടിരുന്നില്ല.

ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. നാട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് ഇതുപോലെ മറ്റെവിടെയെങ്കിലും പോയി പുതിയ ആളുകളെ ഷെയറിങിനുവച്ച് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടോ എന്ന സംശയവും ഉണ്ടെന്ന് ഇവർ പറഞ്ഞു.

പണം നൽകാതെ വാടകക്കാരൻ മുങ്ങിയതോടെ ഫ്ലാറ്റിലെ മറ്റുള്ളവരെ കെട്ടിട ഉടമ ഒഴിപ്പിക്കുകയായിരുന്നു. ഇവർക്കു കെട്ടിട ഉടമയുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പെട്ടെന്ന് മറ്റു സ്ഥലം കണ്ടെത്തി 2 മലയാളി കുടുംബങ്ങളും മാറി.