കുതിരപ്പൊലീസിന്റെ നീക്കം; ദുബായിൽ കാറിൽ കറങ്ങിയ മോഷണ സംഘം അറസ്റ്റിൽ

കുതിരപ്പൊലീസിന്റെ തന്ത്രപൂർവമായ നീക്കത്തിലൂടെ ദുബായിൽ മോഷണ സംഘത്തെ പിടികൂടി. ദുബായ് മൗണ്ടഡ് പൊലീസ് സ്‌റ്റേഷനിലെ ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് അൽ മുല്ലയും ഫസ്റ്റ് ലഫ്. അഹമ്മദ് റാഷിദ് അൽ കഅബിയും റാഷിദിയ പൊലീസ് സ്‌റ്റേഷനിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം.

സംശയാസ്പദമായ രീതിയിൽ ഒരു കാർ നീങ്ങുന്നത് കണ്ട് ഫെഡറൽ ട്രാഫിക് സിസ്റ്റത്തിലെ കാർ പ്ലേറ്റ് നമ്പർ സ്റ്റാറ്റസ് പരിശോധിക്കുകയായിരുന്നു. അപ്പോൾ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡാറ്റയുമായി പ്ലേറ്റ് നമ്പറും കാറിന്റെ വിവരണവും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി കാർ പരിശോധിക്കാൻ തീരുമാനിച്ചുവെന്ന് ദുബായ് മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ഈസ അൽ അദ്ബ് പറഞ്ഞു.  

എന്നാൽ, കാർ നിർത്താൻ ഡ്രൈവറും അതിനകത്തുണ്ടായിരുന്നവരും തയാറായില്ല. പൊലീസുകാർ ഉടനെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ വിവരം ധരിപ്പിക്കുകയും എല്ലാ സുരക്ഷാ പട്രോൾ സംഘങ്ങൾക്കും വിവരം കൈമാറുകയും ചെയ്തു. കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയ പൊലീസ് അതിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. കൂടാതെ, കാറിനകത്ത് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും കവർച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും 29 കുപ്പി മദ്യവും പിടികൂടി. 

കവർച്ചയ്ക്കുള്ള ഒരുക്കത്തിലായിരുന്നു സംഘമെന്ന് മേജർ ജനറൽ അൽ അദബ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതുവരെ സംഘത്തിന്റെ കാർ നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും ശ്രദ്ധിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രഫഷണലിസത്തെ ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പ്രശംസിച്ചു.