കീഴടക്കിയത് എവറസ്റ്റ്; 24 മണിക്കൂറിൽ ലോട്‌സെയും; ആദ്യ ഖത്തരി വനിത

qatari-Sheikha-Asma-everest
SHARE

ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തറുകാരിയായി പർവ്വതാരോഹകയായ ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. എവറസ്റ്റ് കീഴടക്കി 24 മണിക്കൂറിനുള്ളിൽ തന്നെ ഏറ്റവും ഉയരമേറിയ നാലാമത്തെ കൊടുമുടിയും കീഴടക്കി പുതിയ ചരിത്രം കുറിക്കുകയും ചെയ്തു ഷെയ്ഖ അസ്മ.

ഇക്കഴിഞ്ഞ മെയ് 27 നായിരുന്നു അസ്മയും സംഘവും എവറസ്റ്റിന് മുകളിൽ എത്തി ഖത്തറിന്റെ ദേശീയ പതാക നാട്ടിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും ഉയരമേറിയ നാലാമത്തെ കൊടുമുടിയായ ലോട്‌സെയും കീഴടക്കുകയായിരുന്നു.

സമുദ്ര നിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റും 8,516 മീറ്റർ ഉയരത്തിലുള്ള ലോട്‌സെയും കീഴടക്കിയ പ്രഥമ ഖത്തരി വനിതയെന്ന ബഹുമതിയാണ് ഇതോടെ ഷെയ്ഖ അസ്മ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മെയിൽ എവറസ്റ്റ് കീഴടക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ഏഴു കൊടുമുടികളും ഉത്തര-ദക്ഷിണ ധ്രുവങ്ങളും കീഴടക്കി ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രഥമ വനിതയാകുക എന്നതാണ് ഷെയ്ഖ അസ്മയുടെ ലക്ഷ്യം. 2014 ൽ കിളിമഞ്ചാരോ, 2019 ൽ അകോൺകാഗ്വ, 2020 ൽ യൂറോപ്പിലെ എൽബ്രസ് കീഴടക്കിയ ശേഷം ഈ വർഷം ജനുവരിയിലാണ് അന്റാർട്ടിക്കയിലെ വിൻസൺ മാസിഫ് കീഴടക്കി ദക്ഷിണധ്രുവത്തിലെത്തിയത്.

കിഴക്കൻ നേപ്പാളിലെ അമാ ദബ്‌ലം, ലോകത്തിലെ ഏറ്റവും ഉയരമേറിയ ഏഴാമത്തെ കൊടുമുടിയായ ദൗലഗിരി, എട്ടാമത്തെ കൊടുമുടിയായ നേപ്പാളിലെ മനാസ്‌ലു എന്നിവയും ഷെയ്ഖ അസ്മ കീഴടക്കി കഴിഞ്ഞു. ഖത്തർ ഒളിംപിക് കമ്മിറ്റി  മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻസ് ഡയറക്ടറാണ് ഷെയ്ഖ അസ്മ.

MORE IN GULF
SHOW MORE