അറേബ്യൻ യുഗപുരുഷന്‍; പ്രവാസികളുടെ പ്രിയ നേതാവ്; ഷെയ്ഖിന് കണ്ണീരോടെ വിട

sheikh-khalifa
SHARE

ഏറ്റവും സങ്കടകരമായ ഒരു വാർത്തയ്ക്കാണ് പോയവാരം നമ്മൾ സാക്ഷിയായത്. 18 വർഷമായി യുഎഇയുടെ പ്രസിഡൻറായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറഞ്ഞു. വികസനത്തിൻറെ വിസ്മയം യുഎഇക്കു സമ്മാനിച്ച അറേബ്യൻ യുഗപുരുഷനാണ് ചരിത്രത്തിലേക്കു മറഞ്ഞത്. ലോകരാജ്യങ്ങൾക്കിടയിൽ യുഎഇയെ മികവിൻറെ മേഖലയാക്കി മാറ്റിയ ഭരണാധികാരിക്ക് പ്രവാസിമലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട നേതാവിന്, ആദരാഞ്ജലികൾ.

പതിമൂന്നാം തീയതി വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് യുഎഇയെും അറബ് മേഖലയേയും ദുഃഖത്തിലാഴ്ത്തി ആ വാർത്ത പ്രസിഡൻഷ്യൽ കാര്യമന്ത്രാലയം അറിയിക്കുന്നത്. യുഎഇയുടെ പ്രിയഭരണാധികാരി പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറഞ്ഞിരിക്കുന്നു. മരണവിവരം പുറംലോകമറിഞ്ഞതോടെ ലോകത്തിൻറെ വിവിധയിടങ്ങളിൽ നിന്നായി അനുശോചന പ്രവാഹം. അന്നുതന്നെ വൈകിട്ട് ഏഴുമണിയോടെ മഗ്്രിബ് പ്രാർഥനയ്ക്കു ശേഷം അബുദാബി അൽ ബൂത്തിൽ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിൽ കബറടക്കം. പുതിയ യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ നഹ്യാൻ കുടുംബം ദുഃഖാർത്തരായി പ്രിയനേതാവിന് വിടചൊല്ലി.

മൂന്നുദിവസത്തെ അവധിക്കുശേഷം 40 ദിവസത്തെ ദുഃഖാചരണത്തിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. ദേശീയപതാകകൾ താഴ്ത്തിക്കെട്ടിയിരിക്കുന്നു. മരണശേഷമുള്ള മൂന്നുദിവസം സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾക്കു അവധിയായിരുന്നു. ഈ 40ദിവസങ്ങളിൽ ആഘോഷങ്ങളുണ്ടാകില്ല. 56 വർഷമായി അബുദാബിയുടേയും യുഎഇയുടേയും ഭരണതലത്തിൽ സജീവസാന്നിധ്യമായിരുന്നു ഷെയ്ഖ് ഖലീഫ. 1966 സെപ്റ്റംബർ 18ന് പതിനെട്ടാം വയസ്സിലാണ് ആദ്യമായി ഷെയ്ഖ് ഖലീഫ ഭരണരംഗത്തേക്ക് വന്നത്. 1969 ഫെബ്രുവരി ഒന്നിന് പിതാവും യുഎഇ രാഷ്ട്രപിതാവുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഷെയ്ഖ് ഖലീഫയെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 1971 ഡിസംബർ രണ്ടിന് അബുദാബിയുടെ പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ട ഷെയ്ഖ് ഖലീഫയിലേക്ക് പ്രതിരോധ-ധനകാര്യ വകുപ്പുകളുടെ ചുമതലയും വന്നു ചേർന്നു. 1974ൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായും നിയോഗിക്കപ്പെട്ടു. 2004 നവംബർ നാലിനു ഷെയ്ഖ് സായിദ് മരണമടഞ്ഞതോടെയാണ് യുഎഇയുടെ പ്രസിഡൻറായി ചുമതലയേറ്റത്.

ദീർഘവീക്ഷണമുള്ള പിതാവ് ഷെയ്ഖ് സായിദിൻറെ പാത പിന്തുടരാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിക്കുന്നതായിരുന്നു ഷെയ്ഖ് ഖലീഫയുടെ ഭരണനാളുകൾ. ഷെയ്ഖ് ഖലീഫ വിടപറയുമ്പോൾ ആ നേട്ടങ്ങളും വികസനനയങ്ങളുമെല്ലാം ലോകം ചർച്ച ചെയ്യുകയാണ്. സഹിഷ്ണുത, എമിറേറ്റുകൾ തമ്മിലുള്ള ഐക്യം, വികസനവും ക്ഷേമവും. ഷെയ്ഖ് സായിദിൻറെ നയങ്ങളിൽ നിന്നു ഒരിഞ്ചുപോലും വ്യതിചലിക്കാൻ ഷെയ്ഖ് ഖലീഫ ശ്രമിച്ചില്ല. പകരം അതു മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് 18 വർഷക്കാലം രാജ്യം സാക്ഷിയായത്.

ബഹിരാകാശം വരെ കീഴടക്കിയ നേട്ടങ്ങളുമായി രാജ്യം ഉയരങ്ങളിലേക്കു മുന്നേറുമ്പോഴും ലാളിത്യമായിരുന്നു ഷെയ്ഖ് ഖലീഫയുടെ മുഖമുദ്ര. ഹരിത പദ്ധതികൾ, വ്യവസായമുന്നേറ്റം, വനിതാ ശാക്തീകരണ നടപടികൾ, സ്മാർട് സംരംഭങ്ങൾ. സമത്വവും സ്വാതന്ത്ര്യവുമുള്ള സാമൂഹിക വ്യവസ്ഥ എന്നിങ്ങനെ വിവിധമേഖലകളിൽ ഷെയ്ഖ് ഖലീഫ നൽകിയ സംഭാവനകൾ നീളുന്നു. യുഎഇയുടെ വികസനനയങ്ങളിൽ ജനാഭിപ്രായങ്ങളറിയാനും ജനപങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള നയങ്ങളും ഷെയ്ഖ് ഖലീഫ ഉറപ്പാക്കി. പ്രസിഡൻറായി ഒരുവർഷം പൂർത്തിയാക്കി 2005 ഡിസംബർ അഞ്ചിനു ഫെഡറൽ നാഷൺൽ കൌൺസിൽ പുനഃക്രമീകരിച്ചു. കൌൺസിലിലെ 40 അംഗങ്ങളിൽ 20പേരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണമെന്നായിരുന്നു ഷെയ്ഖ് ഖലീഫയുടെ പ്രഖ്യാപനം. 2006 ഡിസംബറിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. രാജഭരണത്തിലും ജനങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്ന കാഴ്ചപ്പാടാണ് ഷെയ്ഖ് ഖലീഫ പ്രാവർത്തികമാക്കിയത്. 

അങ്ങനെ യുഎഇ എന്ന രാജ്യം ഇന്നുലോകത്തിൻറെ മുൻനിരയിലെത്തുന്നതിനു മുന്നിൽ നിന്നു നയിച്ച ഭരണാധികാരിയാണ് കടന്നുപോകുന്നത്.  ചരിത്രത്തിലേകകു മറയുമ്പോഴും ഷെയ്ഖ് ഖലീഫ ഉയർത്തിപ്പിടിച്ച നയങ്ങളും നിലപാടുകളും എന്നും ലോകമോർക്കും. യുഎഇയുടെ വികസനവും മുന്നേറ്റവും ലോകം ചർച്ച ചെയ്യുമ്പോൾ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ ഷെയ്ഖ് ഖലീഫയുടെ പേരും നയങ്ങളും ചർച്ച ചെയ്യപ്പെടും

MORE IN GULF
SHOW MORE