പുസ്തകോത്സവത്തിൽ കൗതുകം നിറച്ച് റോബട്ട് മൃഗശാല

ഷാർജയിൽ കുട്ടികളുടെ പുസ്തകോൽസവത്തിൽ വിനോദവും വിജ്ഞാനവും നിറച്ച് റോബട്ട് മൃഗശാല. ജിറാഫ് മുതൽ പുൽച്ചാടി വരെ വിവിധ ജീവികളുടെ ജീവിതരീതികളെക്കുറിച്ചു മനസിലാക്കുന്നതിനാണ് റോബട്ട് മൃഗശാല ഒരുക്കിയിരിക്കുന്നത്. ദ് റോബട്ട് സൂ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് മൃഗശാലയുടെ നിർമാണം.  

ഭൂമിയിലെ ഏറ്റവും ഉയരമുള്ള ജീവിയായ ജിറാഫ്, രാത്രി സഞ്ചാരികളായ വവ്വാലുകൾ, കണ്ടാമൃഗം, ഭീമൻ കണവ, പ്ലാറ്റിപ്പസ്, പുൽച്ചാടി തുടങ്ങി എട്ടു റോബട്ട് ജീവികളാണ് മൃഗശാലയിലുള്ളത്. ഇതിനൊപ്പം അവയെക്കുറിച്ചുള്ള വിശദമായ കുറിപ്പുംകാണാം. അതിലൂടെ കുട്ടികൾക്കു ജീവികളെക്കുറിച്ചു കൂടുതൽ മനസിലാക്കാനാകും. ഓരോ റോബട്ട് ജീവികളെയും അടുത്തുചെന്നു വിശദമായി കാണാം. പ്രവർത്തനങ്ങൾ മനസിലാക്കാം. ഇക്കാണുന്ന ചിത്രങ്ങളിലെ ജീവികളെ തൊടുമ്പോൾ അവയുടെ ശബ്ദം കേൾക്കുന്ന സംവിധാനവും ആകർഷകമാണ്.

സംഗീതം, നൃത്തം, വനജീവിതം തുടങ്ങി വിവിധവിഷയങ്ങളിൽ കുട്ടികൾക്കായി ശിൽപശാലകളും മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ മാർഷൽ എഡിഷൻസിൻറെ ദ റോബട്ട് സൂ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ മൃഗശാല നിർമിച്ചിരിക്കുന്നത്. കുട്ടികളെ പ്രകൃതിയുമായും ജന്തുജീവജാലങ്ങളുമായും കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാർജ ബുക് അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ചു മൃഗശാല അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 22 വരെ സൌജന്യമായി സന്ദർശിക്കാം.