15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഫലം കണ്ടില്ല; സയാമീസ് ഇരട്ടകളിലെ ഒരു കുഞ്ഞ് മരിച്ചു

cojoined-twins
SHARE

സൗദിയിൽ കഴിഞ്ഞ ദിവസം വേർപ്പെടുത്തിയ സയാമീസ് ഇരട്ടകളിലെ ഒരു കുട്ടി വേർപ്പെടുത്തിയതിന്റെ രണ്ടാം ദിവസം മരണത്തിനു കീഴടങ്ങി. കുട്ടി മരിച്ചതായി നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയാണ് അറിയിച്ചത്.

രക്തചംക്രമണം കുത്തനെ കുറഞ്ഞതും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് സംഘം വിശദീകരിച്ചു. ചികിത്സിക്കുന്ന മെഡിക്കൽ സംഘം കുട്ടിക്ക്  ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകിയിരുന്നു. യെമൻ  സ്വദേശിയായ മുഹമ്മദ് അബ്ദുൽ റഹ്മാന്റെ മക്കളാണ് യൂസഫും യാസിനും. ജനിക്കുമ്പോൾ ഇവരുടെ തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. 

ഇരട്ടകളിൽ നിന്ന് വേർപ്പെടുത്തപ്പെട്ട രണ്ടാമത്തെ കുട്ടി ഇപ്പോഴും റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് . കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.

പതിനഞ്ചു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലായിരുന്നു യൂസഫിനെയും യാസിനെയും വേർപ്പെടുത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം റിയാദിലെ നാഷനൽ ഗാർഡിന് കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ  ശസ്ത്രക്രിയ നടത്തുകയായിരുന്നു.

റോയൽ കോർട്ട് ഉപദേഷ്ടാവും കിങ്  സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ . അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളെ മെഡിക്കൽ സംഘം അനുശോചനം അറിയിച്ചു

MORE IN GULF
SHOW MORE