ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്. യുഎഇ സുപ്രീം കൌൺസിലാണ് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തത്.

അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ പിൻഗാമിയായാണ് 61 കാരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ മൂന്നാമത്തെ പ്രസിഡൻറാകുന്നത്. 2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ്  അബുദാബിയുടെ പതിനേഴാമത്തെ ഭരണാധികാരി കൂടിയാകും. അബുദാബി, ദുബായ്,ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഉമ്മൽഖുവൈൻ തുടങ്ങി യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപൻമാർ ചേർന്ന യുഎഇ സുപ്രീം കൌൺസിൽ യോഗം ചേർന്നാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡൻറായി തിരഞ്ഞെടുത്തത്. 

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2005 ജനുവരി മുതൽ യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇനി സായുധസേന സർവ്വസൈന്യാധിപനായിരിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2014 ൽ രോഗബാധിതനായതിനു ശേഷം ഏഴു വർഷത്തോളമായി കിരീടാവകാശിയെന്ന നിലയിൽ ഭരണച്ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി 2019 ൽ ന്യൂയോർക് ടൈംസ് തിരഞ്ഞെടുത്തത് ഷെയ്ഖ് മുഹമ്മദിനെയായിരുന്നു.