ഇന്ത്യ-യുഎഇ പങ്കാളിത്തകരാർ; ആദ്യ ഉൽപ്പന്നങ്ങൾ ദുബായിലെത്തി

india-uae-export
SHARE

ഇന്ത്യ, യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്തകരാർ പ്രാബല്യത്തിൽ വന്നശേഷമുള്ള, ആദ്യഉൽപ്പന്നങ്ങൾ ദുബായിലെത്തി. യുഎഇയിൽ പ്രവർത്തിക്കുന്ന വിവിധ ജ്വല്ലറികൾക്കായി 7,500 കോടി രൂപയുടെ സ്വർണാഭരണങ്ങളും രത്നങ്ങളുമാണ് ഇന്ത്യയിൽ നിന്നുമെത്തിയത്. 38 ലക്ഷത്തിലധികം രൂപയുടെ നികുതി ഇളവുകളാണ് ഈ ഉൽപ്പന്നങ്ങൾക്കു ലഭിച്ചത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ,വ്യാപാര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്രസാമ്പത്തികപങ്കാളിത്ത കരാർ ഈ മാസം ഒന്നിനു പ്രാബല്യത്തിലായത്. ദുബായ് എയർപോർട്ട് ഫ്രീ സോണിലെ ട്രാൻസ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഇന്ത്യയിൽ നിന്നെത്തിച്ച ഉൽപ്പന്നങ്ങളുടെ കൈമാറ്റം. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സിറോയ ജ്വല്ലേഴ്സ്, ജ്വൽ വൺ ജ്വല്ലറി എന്നിവയുടെതായി 7,500 കോടിയോളം രൂപയുടെ ആഭരണങ്ങളും രത്നങ്ങളുമാണ് യുഎഇയിലെത്തിച്ചത്. 

ജ്വല്ലറി അധികൃതർ ഉദ്യോഗസ്ഥരിൽ നിന്നും ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്ന് വാണിജ്യ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യമാണ് കരാർ പ്രകാരമുള്ള ആദ്യ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയിലേക്കും കഴിഞ്ഞദിവസം സ്വർണക്കട്ടി കയറ്റുമതി ചെയ്തതായി യുഎഇ രാജ്യാന്തര വ്യാപാര അസിസ്റ്റൻറ് സെക്രട്ടറി ജുമ മൂഹമ്മദ് അൽ കെയ്ത് വ്യക്തമാക്കി. 10 വർഷം കൊണ്ട് ഇന്ത്യയിൽ നിന്നുള്ള 97% ഉൽപന്നങ്ങൾക്കും യുഎഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 90% ഉത്പന്നങ്ങൾക്കും നികുതി ഇളവുകളാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. നികുതിയില്ലാതെ സാധനങ്ങൾ എത്തുന്നതിലൂടെ ഇരുരാജ്യത്തെയും പല ഉൽപന്നങ്ങൾക്കും വില കുറയും. നിക്ഷേപ, തൊഴിൽ മേഖലകളിൽ വലിയ സാധ്യതകളാണ് കരാറിലൂടെയുണ്ടാകുന്നതെന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.

MORE IN GULF
SHOW MORE