യുപിഐ പണമിടപാടുകൾ യുഎഇയിലും; പ്രയോജനം 20 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക്

അബുദാബി: യുഎഇയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക്‌ ഓണ്‍ലൈനായി പണം കൈമാറുന്നതിന്‌ മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റര്‍ഫെയ്‌സ്‌) അധിഷ്‌ഠിത ആപ്പുകള്‍ ഉപയോഗിക്കാം. ഓരോ വര്‍ഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. 

ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികൾക്ക് ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാനാവും. പണമിടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈൽ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുക. 

ഇന്ത്യക്കാർക്ക് ഇടപാടുകൾ ലഭ്യമാക്കുന്നതിനായി എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻഐപിഎൽ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വർഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.