ട്രക്കിങ്ങിനിടെ മലയിടുക്കിൽ കുടുങ്ങി യുവാവ്; 30 മണിക്കൂറിനൊടുവിൽ രക്ഷപെടുത്തി

babu
SHARE

പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തിയതിനു സമാനമായി സൗദിയിലും ഒരു രക്ഷാപ്രവർത്തനം. അൽ വാജ് ഗവർണറേറ്റിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ 30 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. മലനിരകളിലെ ട്രക്കിങ്ങിനിടെ കാൽവഴുതിയാണ് സൗദി സ്വദേശി പാറയിടുക്കിലേക്കു വീണത്.

അൽ വാജ് ഗവർണറേറ്റിലെ അബു റാക്ക മലനിരകളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രക്കിങ്ങിനിടെ 27കാരനായ സ്വദേശി യുവാവ് കാൽവഴുതി പാറയിടുക്കിലേക്കു വീണത്. യുവാവ് പാറയിടുക്കിൽ കുടുങ്ങിയ വിവരം അറിഞ്ഞ തബൂക്കിലെ സിവിൽ ഡിഫൻസ് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. വലിയ പാറക്കെട്ടുകൾക്കിടയിൽ ചെറിയ കുഴിയിലേക്കാണ് യുവാവ് വീണത്. 

യുവാവ് കുടുങ്ങിയ മലയിടുക്കിലേക്കു രക്ഷാപ്രവർത്തകർക്കു പ്രവേശിക്കുന്നതിനു വലിയ പാറക്കെട്ടുകൾ തടസമായിരുന്നു. പാറക്കെട്ടുകൾ നീക്കുകയായിരുന്നു ആദ്യലക്ഷ്യം. അതിനിടെ യുവാവിനു ഭക്ഷണവും വെള്ളവും നൽകിക്കൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാറക്കെട്ടുകൾ നീക്കി സുരക്ഷാസംഘം യുവാവിനടുത്തെത്തി. അടുത്തു സജ്ജമാക്കിയിരുന്ന ഹെലികോപ്റ്ററിൽ അബു റാക്ക ജനറൽ ആശുപത്രിയിലേക്കു മാറ്റിയ യുവാവിൻറെ ആരോഗ്യനില തൃപ്തികരമാണെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻറെ നിർദേശപ്രകാരം റെഡ് ക്രസൻറ് അതോറിറ്റിയുടെ മെഡിക്കൽ ടീമുകൾ, തബൂക്ക്, അൽ വാജ് ഗവർണറേറുകളിലെ രക്ഷാപ്രവർത്തനസംഘങ്ങൾ, കിങ് ഫൈസൽ എയർ ബേസിൽ നിന്നുള്ള വിമാനം എന്നിവ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. 

MORE IN GULF
SHOW MORE